LiveTV

Live

Kerala

പേരിന് പിന്നില്‍ ജാതിവാല്‍ ചേര്‍ക്കുന്നു: മുന്നാക്ക സംവരണത്തില്‍ ഇതാ ഒരു പ്രതിഷേധ കുറിപ്പ്

മുന്നാക്ക സംവരണത്തെ തുടര്‍ന്ന് ജിഷ്ണു ദാമോദര്‍ എന്ന യുവാവിട്ട ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. ഫേസ്ബുക്കില്‍ ഊരുതെണ്ടി എന്ന് ചേര്‍ത്തായിരുന്നു നേരത്തെ ജിഷ്ണു ഫെയ്സ്ബുക്ക് പേജ് ഉപയോഗിച്ചിരുന്നത്.

പേരിന് പിന്നില്‍ ജാതിവാല്‍ ചേര്‍ക്കുന്നു: മുന്നാക്ക സംവരണത്തില്‍ ഇതാ ഒരു പ്രതിഷേധ കുറിപ്പ്

10 ശതമാനം മുന്നാക്ക സാമ്പത്തിക സംവരണത്തിനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരിക്കുകയാണ്. മുന്നാക്ക സംവരണത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുണച്ചതില്‍ പിന്നാക്ക വിഭാഗത്തിന് അമര്‍ഷമുണ്ട്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ജിഷ്ണു ദാമോദര്‍ എന്ന യുവാവിട്ട ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുകയാണ്. ഫേസ്ബുക്കില്‍ തന്റെ പേരിനൊപ്പം ഊരുതെണ്ടി എന്ന് ചേര്‍ത്തായിരുന്നു ജിഷ്ണു തന്റെ ഫെയ്സ്ബുക്ക് പേജ് ഉപയോഗിച്ചിരുന്നത്. ഇനിമുതല്‍ ഫെയ്സ്ബുക്കില്‍ പേരിനൊപ്പം താന്‍ ജാതികൂടി ചേര്‍ത്തിരിക്കുകയാണെന്ന് പറഞ്ഞാണ് ജിഷ്ണുവിന്റെ കുറിപ്പ്.

ഇവിടെ ജാതീയത നിലനിൽക്കുന്നു എന്നത് യാഥാർഥ്യം ആണ് എന്നതിനാലാണ് താന്‍ പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നതെന്നും വര്‍ഗീയതക്കല്ല, ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ജാതി പറയുന്നതെന്നും യുവാവ് പറയുന്നു.

പേരിനു പിന്നിൽ ചേർത്തിരുന്ന ഊരുതെണ്ടി എന്നാ നാമം താൽക്കാലികമായി മാറ്റി ജാതിവാൽ ചേർത്തിരിക്കുന്ന.... കാരണം ഇവിടെ ജാതീയത...

Posted by ജിഷ്ണു ദാമോദർ കുറവൻ on Wednesday, January 9, 2019

''സാമ്പത്തിക സംവരണം നിലവിൽ കൊണ്ടുവരാൻ മുറവിളികൂട്ടുന്ന സവർണ്ണ തമ്പ്രാക്കന്മാരെ ഞങ്ങൾ നെൽപാടങ്ങളോ, തറവാടുകളോ തെങ്ങിൻ തോപ്പുകളോ ധുർത്തടിച്ചു സാമ്പത്തികമായി തകർന്നു പിന്നോക്കം ആയവരല്ല... ഞങ്ങളെ കുറവൻ എന്നും പറയനെന്നും പുലയനെന്നും ജാതി പറഞ്ഞു അകറ്റി നിർത്തിയത് നിങ്ങൾ സവർണ തമ്പ്രാക്കൻമാർ തന്നെയാണ്... സംവരണം ഞങ്ങൾക്ക് ലഭിക്കുന്ന ഔദാര്യം അല്ല ഞങ്ങളുടെ അവകാശമാണ്.... ഞങ്ങൾ ജാതി പറയുന്നത് വർഗീയതക്കല്ല ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്... ഞങ്ങളുടെ പൂർവ്വികരുടെ, കണ്ണീരിന്റെയും, ചോരയുടെയും, വിയർപ്പിന്റെയും, മാനത്തിന്റയും, നിലവിളിയുടെയും, പകരം വെക്കാൻ കഴിയാത്ത അവകാശ ബോധമാണ് ഞങ്ങൾക്ക് സംവരണം... ആ ഉറച്ച ബോധത്തിൽ നിന്ന് കൊണ്ട് ഞാൻ എന്റെ ജാതി പറയുന്നു... #ഞാൻ_കുറവനാണ്_ദളിതനാണ്''- എന്നു പറഞ്ഞാണ് ജിഷ്ണു തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

സംവരണത്തെ അനുകൂലിച്ചും ജിഷ്ണുവിന്റെ പോസ്റ്റിനെ വിമര്‍ശിച്ചും കമന്റിട്ടവര്‍ക്കുള്ള മറുപടിയും കമന്റില്‍ തന്നെ ജിഷ്ണു നല്‍കിയിട്ടുണ്ട്.

പേരിന് പിന്നില്‍ ജാതിവാല്‍ ചേര്‍ക്കുന്നു: മുന്നാക്ക സംവരണത്തില്‍ ഇതാ ഒരു പ്രതിഷേധ കുറിപ്പ്

''നിലവില്‍ ജനസംഖ്യയുടെ 13% ആണ് കേരളത്തിലെ സവര്‍ണ്ണ ഹിന്ദുക്കള്‍ അതില്‍ നാലില്‍ ഒന്ന് സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍ ആണെന്ന് എടുത്താല്‍ ജനസഖ്യയില്‍ 3% വരുന്നവര്‍ക്ക് വേണ്ടിയാണ് 10% തസ്തികകള്‍ സംവരണം ചെയ്യപ്പെടുന്നത് . ഇനി ജനസഖ്യയില്‍ 11% വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് മുഴുവനായും ലഭിക്കുന്ന സംവരണം നോക്കിയാല്‍ 12% മാത്രമാണ്. അതായത് ദളിതര്‍ക്ക് തുല്യമായ സംവരണം സവര്‍ണ്ണ സമുദായത്തിന് ലഭിക്കുന്നു. സംവരണത്തിന്‍റെ പ്രാഥമിക ലക്ഷ്യങ്ങളെ പോലും തകര്‍ക്കുന്ന നീക്കമായേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. സംവരണം ചെയ്യപ്പെടുന്ന 10% തസ്തികകള്‍ ജനറല്‍ വിഭാഗത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി ലഭിക്കേണ്ടവയാണ് എന്നതും മറന്നുകൂടാ. ദേവസ്വം ബോര്‍ഡില്‍ നിലവില്‍ 80 ശതമാനത്തോളം ജീവനക്കാര്‍ സവര്‍ണ്ണ ജാതികളില്‍ നിന്ന് തന്നെയാണ് എന്നാണു പുറത്തുവരുന്ന വിവരാവകാശ രേഖകളില്‍ നിന്നും മനസിലാക്കുന്നത്‌. അതായത് ആനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യത്തിന്റെ ഏഴോ എട്ടോ മടങ്ങ്‌ അധികം. ആ വിഭാഗത്തിന് വേണ്ടി വീണ്ടും 10% തസ്തികകള്‍ സംവരണം ചെയ്യപ്പെടുന്നു എന്നത് മറ്റു സമുദായങ്ങള്‍ക്ക് നേര്‍ക്കുള്ള കടുത്ത അനീതിയാണ്.''- കമന്റില്‍ ജിഷ്ണു പറഞ്ഞിരിക്കുന്നു.