LiveTV

Live

Kerala

പെരിയാര്‍ ചുവന്നു, വലയെറിയുമ്പോള്‍ പുഴ കലങ്ങിയിട്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്!

കുട്ടവഞ്ചി മീന്‍ പിടിക്കുന്നവര്‍ വല എറിയുമ്പോള്‍ പുഴ കലങ്ങുന്നതാകാമെന്ന വിചിത്രവാദമാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്.

 പെരിയാര്‍ ചുവന്നു, വലയെറിയുമ്പോള്‍ പുഴ കലങ്ങിയിട്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്!

എറണാകുളം ഏലൂര്‍ വ്യവസായ മേഖലയില്‍ പെരിയാര്‍ വീണ്ടും ചുവന്നൊഴുകുന്നു. പാതാളം മുതല്‍ റെഗുലേറ്റര്‍ ബ്രിഡ്ജ് വരെയുള്ള ഭാഗത്താണ് പുഴ ചുവന്നത്. സി.എം.ആര്‍.എല്ലില്‍ നിന്ന് പുറം തള്ളുന്ന രാസമാലിന്യമാണ് പുഴ ചുവന്നൊഴുകാന്‍ കാരണമെന്നാണ് പരിസരവാസികള്‍ പറയുന്നത്.

ഞായറാഴ്ച വൈകുന്നേരം മുതലാണ് ഏലൂര്‍ വ്യവസായ മേഖലയ്ക്ക് സമീപം പുഴ ചുവന്നൊഴുകാന്‍ തുടങ്ങിയത്. വെള്ളത്തിനു മുകളില്‍ ചുവന്ന പാടകള്‍ നിറഞ്ഞ അവസ്ഥയിലാണ്. രാത്രിയുടെ മറവില്‍ പ്രദേശത്തെ വ്യവസായസ്ഥാപനങ്ങള്‍ രാസ മാലിന്യം തള്ളുന്നതാണ് പുഴ മലിനമാകാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

പുഴ ചുവന്നൊഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ല. കുട്ടവഞ്ചി മീന്‍ പിടിക്കുന്നവര്‍ വല എറിയുമ്പോള്‍ പുഴ കലങ്ങുന്നതാകാമെന്ന വിചിത്രവാദമാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്. പെരിയാറിലെ കുടിവെള്ളവിതരണത്തിന് പോലും ഭീഷണി ഉണ്ടാക്കുന്ന രീതിയിലാണ് കഴിഞ്ഞനാളുകളില്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത്.