LiveTV

Live

Kerala

മുന്നാക്ക സംവരണത്തെ അനുകൂലിച്ച് സി.പി.എം; എതിര്‍ത്ത് ഇടത് സഹയാത്രികര്‍ 

“പടച്ചോറ് ഉപ്പുകൂട്ടി കഴിക്കുന്ന അമ്പലവാസിക്കുട്ടിയുടെ ദൈന്യം ദൃശ്യപ്പെടുത്തിക്കാണിച്ചാൽ നായാടിക്കുട്ടിയുടെ ഇടനെഞ്ചുപോലും വിങ്ങിപ്പൊട്ടും”

മുന്നാക്ക സംവരണത്തെ അനുകൂലിച്ച് സി.പി.എം; എതിര്‍ത്ത് ഇടത് സഹയാത്രികര്‍ 

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ഇടത് സഹയാത്രികര്‍. സി.പി.എം മുന്നാക്ക സംവരണത്തെ പിന്തുണയ്ക്കുമ്പോള്‍ വ്യത്യസ്ത നിലപാടുമായി അശോകന്‍ ചരുവില്‍, സുനില്‍ പി ഇളയിടം തുടങ്ങിയവര്‍ രംഗത്തെത്തി.

ഇടത് സഹാത്രികനും എഴുത്തുകാരനുമായ അശോകന്‍ ചരുവിലിന്‍റെ പ്രതികരണമിങ്ങനെ- "അവർണ്ണന്റെ ദാരിദ്ര്യം പോലെയല്ല സവർണ്ണന്റെ ദാരിദ്ര്യം. അതിനു കലാമൂല്യം കൂടുതലുണ്ടെന്ന് മലയാളത്തിലെ സാഹിത്യവും സിനിമയും പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. പടച്ചോറ് ഉപ്പുകൂട്ടി കഴിക്കുന്ന അമ്പലവാസിക്കുട്ടിയുടെ ദൈന്യം ദൃശ്യപ്പെടുത്തിക്കാണിച്ചാൽ നായാടിക്കുട്ടിയുടെ ഇടനെഞ്ചുപോലും വിങ്ങിപ്പൊട്ടും. ചന്തമുക്കിലേക്ക് ടൈപ്പ് പഠിക്കാൻ പോകുന്ന 'തമ്പുരാട്ടിക്കുട്ടി'യുടെ കഥയൊന്ന് എഴുതി നോക്കൂ. നൂറിൽ നൂറ് മാർക്ക് ഉറപ്പ്".

അവർണ്ണന്റെ ദാരിദ്ര്യം പോലെയല്ല സവർണ്ണന്റെ ദാരിദ്ര്യം. അതിനു കലാമൂല്യം കൂടുതലുണ്ടെന്ന് മലയാളത്തിലെ സാഹിത്യവും സിനിമയും...

Posted by Asokan Charuvil on Tuesday, January 8, 2019

ഇടത് ചിന്തകനും അധ്യാപകനുമായ സുനില്‍ പി ഇളയിടവും മുന്നാക്ക സംവരണത്തിനെതിരെ ഫേസ് ബുക്കില്‍ കുറിപ്പെഴുതി- "മുന്നോക്ക വിഭാഗക്കാർക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള മോദി സർക്കാരിന്റെ തീരുമാനം തീർത്തും ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയിൽ സംവരണം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് പ്രാതിനിധ്യത്തെ മുൻനിർത്തിയാണ്. ജാതി വിവേചനവും ജാതിമർദ്ദനവും വഴി, എത്രയോ നൂറ്റാണ്ടുകളായി അകറ്റി നിർത്തപ്പെട്ടവരുടെ പ്രാതിനിധ്യാവകാശം ഉറപ്പാക്കുകയാണ് സംവരണത്തിന്റെ അടിസ്ഥാന താത്പര്യം. അല്ലാതെ ദാരിദ്യ നിർമ്മാർജനമോ തൊഴിലില്ലായ്മക്കുള്ള പരിഹാരമോ ആയി ഭരണഘടന സംവരണത്തെ പരിഗണിച്ചിട്ടില്ല. അങ്ങനെയാക്കാൻ ശ്രമിക്കുന്നത് സംവരണത്തെ കുറിച്ചുള്ള ഭരണഘടനാ തത്വത്തിനെതിരാണ്".

മുന്നോക്ക വിഭാഗക്കാർക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള മോഡി സർക്കാരിന്റെ തീരുമാനം തീർത്തും...

Posted by Sunil Elayidom on Monday, January 7, 2019

സംവരണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നിലപാട് തള്ളി വി.ടി ബല്‍റാം എം.എല്‍.എയും രംഗത്തെത്തിയിരുന്നു. ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ബല്‍റാം വിമര്‍ശിച്ചു. അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തെക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദമാണെന്നും ഫേസ് ബുക്ക് കുറിപ്പില്‍ ബല്‍റാം വിമര്‍ശിച്ചു.