LiveTV

Live

Kerala

തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സിയില്‍ താല്‍ക്കാലിക പുനഃസംഘടന മാത്രം

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ സമ്പൂര്‍ണ്ണ പുനഃസംഘടനയും ശേഷമുണ്ടാകുന്ന അതൃപ്തിയും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ നിലപാട്...

തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സിയില്‍ താല്‍ക്കാലിക പുനഃസംഘടന മാത്രം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സിയില്‍ നടത്താനിരിക്കുന്നത് താല്‍ക്കാലിക പുനഃസംഘടന മാത്രം. നിലവിലെ ഭാരവാഹികളില്‍ കാര്യമായ മാറ്റം ഉണ്ടാകില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഈ മാസം 15നകം പ്രഖ്യാപനം വരുമെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 15 ആക്കാമെന്നും സെക്രട്ടറിമാര്‍ മാറ്റമില്ലാതെ തുടരട്ടെയെന്നുമായിരുന്നു രാഷ്ട്രീയകാര്യ സമിതി തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ സമ്പൂര്‍ണ്ണ പുനഃസംഘടനയും ശേഷമുണ്ടാകുന്ന അതൃപ്തിയും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. ഇവയെല്ലാം അടിസ്ഥാനമാക്കിയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ച നടത്തിയത്.

ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന നിലപാട് മുകുള്‍ വാസ്‌നിക് അറിയിച്ചു. പൂര്‍ണമായ മാറ്റം തിരിച്ചടിയാകുമെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വീകരിച്ചത്. ഇതോടെ താല്‍ക്കാലിക പുനഃസംഘടനയാകാമെന്ന ധാരണയിലെത്തി.

മുന്‍ ഡിസിസി അധ്യക്ഷന്മാര്‍, വനിതാ, പിന്നാക്ക വിഭാഗം പ്രതിനിധികള്‍ എന്നിവര്‍ പുതിയ ഭാരവഹികളില്‍ ഉള്‍പെടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രകടനം വിലയിരുത്തിയാകും സമ്പൂര്‍ണ്ണ പുനഃസംഘടന വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.