LiveTV

Live

Kerala

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ വീണ്ടും മത്സരിച്ചേക്കും

സിറ്റിങ് എം.പിയോട് ഏറ്റുമുട്ടേണ്ടിവരുമെന്ന് തന്നെയാണ് ഇടതുപക്ഷവും കണക്കുകൂട്ടുന്നത്. അതിനാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ പ്രബലനായ സ്ഥാനാര്‍ഥി വെണമെന്ന ചര്‍ച്ചയാണ് സി.പി.എമ്മില്‍ സജീവമായിരിക്കുന്നത്.

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ വീണ്ടും മത്സരിച്ചേക്കും

കൊല്ലത്ത് സിറ്റിംഗ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. സി.പി.എമ്മില്‍ കെ.എന്‍ ബാലഗോപാലിനാണ് കൂടുതല്‍ സാധ്യത. ബി.ജെ.പി സുരേഷ് ഗോപിയെ രംഗത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്.

ഇടതുപക്ഷത്തിന് സ്വാധീനമേറെയുള്ള കൊല്ലത്ത് മുതിര്‍ന്ന സി.പി.എം നേതാവ് എം.എ ബേബിയെ പരാജയപ്പെടുത്തിയാണ് 2014ല്‍ എന്‍.കെ പ്രേമചന്ദ്രന്‍ മണ്ഡലത്തെ യു.ഡി.എഫിനൊപ്പം നിര്‍ത്തിയത്. 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രേമചന്ദ്രന്റെ ജയം. മറ്റൊരു സ്ഥാനാര്‍ഥിയെക്കുറിച്ച് യു.ഡി.എഫ് ക്യാമ്പില്‍ ചര്‍ച്ചയില്ല. മണ്ഡലത്തില്‍ പ്രേമചന്ദ്രന് ഏറെ സ്വീകാര്യതയും നേടാനായിട്ടുണ്ട്. മികച്ച പ്രവര്‍ത്തനമാണ് എന്‍.കെ പ്രേമചന്ദ്രന്‍ നടത്തുന്നതെന്ന് യു.ഡി.എഫും വിലയിരുത്തുന്നു.

സിറ്റിങ് എം.പിയോട് ഏറ്റുമുട്ടേണ്ടിവരുമെന്ന് തന്നെയാണ് ഇടതുപക്ഷവും കണക്കുകൂട്ടുന്നത്. അതിനാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ പ്രബലനായ സ്ഥാനാര്‍ഥി വെണമെന്ന ചര്‍ച്ചയാണ് സി.പി.എമ്മില്‍ സജീവമായിരിക്കുന്നത്. സംഘടനാസംവിധാനം ശക്തിപ്പെടുത്തി വിജയം ഉറപ്പാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെന്ന പരിഗണനയിലാണ് മുന്‍ ജില്ലാസെക്രട്ടറി കെ.എന്‍ ബാലഗോപാലിന്റെ പേരിന് മുന്‍തൂക്കം ലഭിക്കുന്നത്.

നിമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് മണ്ഡലത്തില്‍ വലിയ നഷ്ടമാണ് സംഭവിച്ചത്. എന്നാല്‍ ദേശീയസംസ്ഥാന വിഷയങ്ങളിലും പ്രാദേശിക വിഷയങ്ങളിലും പ്രേമചന്ദ്രന്‍ നടത്തുന്ന ഇടപെടല്‍ മണ്ഡലത്തില്‍ തുണക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ബി.ജെ.പി താരമൂല്യം പരിഗണിക്കുന്നതിനിലാണ് സുരേഷ് ഗോപിയുടെ പേര് സാധ്യതാ പട്ടികയില്‍ ഒന്നാമതായത്.

ദേശീയവിഷയങ്ങള്‍ക്കൊപ്പം കൊല്ലം ബൈപ്പാസ് ഉള്‍പ്പെടെയുള്ള പ്രാദേശികവിഷയങ്ങളും പ്രചരണായുധമാകുമ്പോള്‍ കൊല്ലത്തെ പോരാട്ടം കടുക്കുമെന്നുറപ്പാണ്.