LiveTV

Live

Kerala

പണിമുടക്ക് കേരളത്തില്‍ ഭാഗികം; റെയിൽ ഗതാഗതം താറുമാറായി

ശബരി എക്സ്പ്രസും സമരാനുകൂലികള്‍ തടഞ്ഞു. കൊച്ചി കളമശ്ശേരിയിലും ട്രെയിന്‍ തടഞ്ഞു.തിരുവനന്തപുരത്ത് പുലര്‍ച്ചെ വേണാട് എക്സ്പ്രസ് തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി.

പണിമുടക്ക് കേരളത്തില്‍ ഭാഗികം; റെയിൽ ഗതാഗതം താറുമാറായി

ദ്വിദിന പണിമുടക്കിന്റെ അവസാന ദിവസമായ ഇന്ന് സംസ്ഥാനത്ത് പണിമുടക്ക് ഭാഗികമാണ്. ട്രെയിൻ തടഞ്ഞത് ഇന്നും റെയിൽ ഗതാഗതം താറുമാറാക്കി. പമ്പയിലേക്ക് മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത്.

തിരുവനന്തപുരം സെൻട്രലിൽ രാവിലെ സമരക്കാർ വേണാട്, ശബരി എക്സ്പ്രസ്സുകൾ തടഞ്ഞു. നാൽപത് മിനിട്ട് വൈകിയാണ് ട്രെയിനുകൾ പുറപ്പെട്ടത്. കെ.എസ്.ആർ.ടി.സി പമ്പയിലേക്ക് മാത്രമാണ് സർവീസ് നടത്തിയത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയിൽ പണിമുടക്ക് രണ്ടാം ദിവസവും ജനജീവിതത്തെ സാരമായി ബാധിച്ചു.സ്വകാര്യ ബസുകൾ ഒന്നും സർവീസ് നടത്തുന്നില്ല. നഗരത്തിൽ സർവീസ് നടത്തിയ ടാക്സി വാഹനങ്ങൾ സമരക്കാർ തടഞ്ഞു.

ചങ്ങനാശേരിയിൽ വേണാട് എക്സ്പ്രസും കോട്ടയത്ത് ശബരി എക്സ്പ്രസും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തടഞ്ഞു. കുമരകം അടക്കമുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെയും പണിമുടക്ക് ബാധിച്ചു. കൊച്ചിയിലെ പണിമുടക്ക് പൂർണ്ണമാണ്. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലെ ഹാജർ നില ഇന്നും കുറവാണ്. ഓട്ടോ-ടാക്സികൾ ഭാഗികമായി സർവീസ് നടത്തി. കോഴിക്കോട് മിഠായി തെരുവിൽ ഇന്ന് കൂടുതൽ കടകൾ തുറന്നു. നഗരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തി. കൊയിലാണ്ടിയിൽ തുറന്ന കടകൾ സമരക്കാർ അടപ്പിച്ചു.