LiveTV

Live

Kerala

ദേശീയ പണിമുടക്ക് ശബരിമല സര്‍വ്വീസിനെ ബാധിച്ചില്ല

നിലക്കൽ നിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗങ്ങളിലേക്ക് പൊലീസ് എസ്കോർട്ടോടു കൂടി കോൺവോയ് അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി ബസുകൾ സർവ്വീസ് നടത്തിയത്

ദേശീയ പണിമുടക്ക് ശബരിമല സര്‍വ്വീസിനെ ബാധിച്ചില്ല

ദേശീയ പണിമുടക്ക് നിലക്കൽ - പമ്പ ചെയിൻ സർവ്വീസുകളെ ബാധിച്ചില്ല. നിലക്കൽ നിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗങ്ങളിലേക്ക് പൊലീസ് എസ്കോർട്ടോടു കൂടി കോൺവോയ് അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി ബസുകൾ സർവ്വീസ് നടത്തിയത്. പണിമുടക്ക് പമ്പ സർവ്വീസുകളെ ബാധിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.

രാവിലെ 9 മുതൽ 11 മണി വരെ പൊലീസ് സംരക്ഷണത്തിൽ കോൺവോയ് അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി സർവ്വീസ് നടത്തിയത്. കോട്ടയം, എറണാകുളം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് ഇത്തരത്തിൽ നാല്പതോളം സർവ്വീസുകൾ നടത്തി. നിലക്കൽ മുതൽ പമ്പ വരെയുള്ള ചെയിൻ സർവ്വീസുകൾക്കും പണിമുടക്ക് തടസമായില്ല.

തീർഥാടകരുടെ തിരക്കനുസരിച്ച് ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, എരുമേലി ഭാഗങ്ങളിൽ നിന്നും പമ്പയിലേക്ക് സർവ്വീസ് നടത്തി. ദേശീയ പണിമുടക്ക് ശബരിമല സർവ്വീസുകളെ ബാധിച്ചില്ലെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്. എന്നാല്‍ കോൺവോയ്‌ അടിസ്ഥാനത്തിൽ ബസുകൾ ഒരുമിച്ച് സർവ്വീസ് നടത്തുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടം തീർഥാടകർക്ക് നേരിയ പ്രയാസമുണ്ടാക്കി. അതേസമയം ടാക്സി വാഹനങ്ങളിലും മറ്റും തീർഥാടനത്തിന് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്.