LiveTV

Live

Kerala

‘തന്ത്രിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിന് അധികാരമില്ല’ ദേവസ്വം ബോര്‍ഡിനെ വെല്ലുവിളിച്ച് തന്ത്രി കുടുംബം

യുവതിപ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് ബോര്‍ഡ് തന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു. തെറ്റിദ്ധാരണ നിറഞ്ഞ പരാമര്‍ശങ്ങളാണ് അധികൃതര്‍ നടത്തുന്നതെന്നും താഴമണ്‍കുടുംബം ആരോപിക്കുന്നു.

‘തന്ത്രിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിന് അധികാരമില്ല’ ദേവസ്വം ബോര്‍ഡിനെ വെല്ലുവിളിച്ച് തന്ത്രി കുടുംബം

ശബരിമല ക്ഷേത്രമടച്ചതിന് തന്ത്രിയോട് വിശദീകരണം തേടിയ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ തന്ത്രി കുടുംബം. ആചാരനുഷ്ഠാനങ്ങൾ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഓരോ ക്ഷേത്രത്തിലെയും പരമാധികാരം, ഇതിനെ ചോദ്യം ചെയ്യാൻ സർക്കാറിനോ ദേവസ്വം ബോർഡിനോ അവകാശമില്ലെന്നും താഴമണ്‍ കുടുംബം ഇറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. ദേവസ്വം ബോർഡിൽ നിന്നും തന്ത്രിമാര്‍ ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് സ്വികരിക്കുന്നതെന്നും താഴമണ്‍ കുടുംബം വിശദീകരിക്കുന്നുണ്ട്.

യുവതീ പ്രവേശനത്തിന് പിന്നാലെ നടയച്ച് ശുദ്ധിക്രിയ നടത്തിയതിനെ തുടര്‍ന്നാണ് തന്ത്രി കണ‍്ഠരര് രാജീവരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ‍് നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ‍ിനും സര്‍ക്കാരിനും എതിരെയുള്ള അതൃപ്തി വ്യക്തമാക്കി ശബരിമലയിലെ താന്ത്രികാവകാശമുള്ള താഴമണ്‍ കുടുംബം രംഗത്ത് വന്നത്. ശബരിമല തന്ത്രിയെ പറ്റി വരുന്ന പരാമർശങ്ങൾ പലതും തെറ്റിദ്ധാരണയുള്ളതാണെന്ന് പറഞ്ഞാണ് താഴമണ്‍ കുടംബത്തിന്റെ വിശദീകരണം ആരംഭിക്കുന്നത്.

ശബരിമലയിലെ താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വംബോർഡ് നിയമിക്കുന്നതല്ല, ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളൂം തന്ത്രിമാരിൽ നിക്ഷിപ്തമായിട്ടുള്ളതാണ്. ക്ഷേത്ര ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പാണ്ഡിത്യം അനിവാര്യമായതിനാല്‍ ആചാരനുഷ്ഠാനങ്ങൾ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരംഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീകോടതി വിധികളും നിലവിലുണ്ട്. അതിനാൽ തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാൻ സർക്കാറിനോ ദേവസ്വം ബോർഡിനോ അവകാശമില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കുന്നു.

ദേവസ്വം ബോർഡിൽ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാർ സ്വികരിക്കുന്നതെന്ന വസ്തുത നിലനില്‍ക്കെ അധികൃതരുടെ ഭാഗത്ത് നിന്ന് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളുണ്ടാകുന്നത് താഴമൺ മഠത്തിന് ഏറെ വിഷമം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് വിശദീകരണം അവസാനിക്കുന്നത്.