LiveTV

Live

Kerala

മധ്യകേരളത്തിലെ പ്രധാന ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്ന്; കോട്ടയത്തും മത്സരം കടുപ്പമാകും

2014-ൽ പതിനാറാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസിന്റെ ജോസ് കെ മാണിയാണ് അവസാനമായി വിജയിച്ചത്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രമാണെങ്കിലും എല്‍.ഡി.എഫിനെയും കോട്ടയം മണ്ഡലം തുണച്ചിട്ടുണ്ട്.

മധ്യകേരളത്തിലെ പ്രധാന ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്ന്; കോട്ടയത്തും മത്സരം കടുപ്പമാകും

മധ്യകേരളത്തിലെ പ്രധാന ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് കോട്ടയം. കേരള കോണ്‍ഗ്രസും സി.പി.എമ്മും ശക്തി തെളിയിച്ചിട്ടുള്ള മണ്ഡലം. മതസാമുദായിക സംഘടനകള്‍ക്കും വലിയ സ്വാധീനമുള്ള മണ്ഡലം.

പിറവം‍, പാല‍‍‍, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോട്ടയം ലോകസഭാ നിയോജകമണ്ഡലം. 2014-ൽ പതിനാറാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസിന്റെ ജോസ് കെ മാണിയാണ് അവസാനമായി വിജയിച്ചത്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രമാണെങ്കിലും എല്‍.ഡി.എഫിനെയും കോട്ടയം മണ്ഡലം തുണച്ചിട്ടുണ്ട്. 1977 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ സ്കറിയ തോമസാണ് ആദ്യം കോട്ടയത്തിന്റെ എം.പിയാകുന്നത്. 1980ലും സ്കറിയ തോമസ് വിജയം കണ്ടു.

തുടര്‍ന്ന് 84ല്‍ യുവസ്ഥാനാര്‍ത്ഥിയായ സുരേഷ് കുറുപ്പിലൂടെ മണ്ഡലം എല്‍.ഡി.എഫ് തിരിച്ച് പിടിച്ചെങ്കിലും 89 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി ജയിച്ച് യു.ഡി.എഫ് തിരിച്ച് വന്നു. അതും രമേശ് ചെന്നിത്തലയിലൂടെ. എന്നാല്‍ പിന്നീട് വീണ്ടും 98മുതല്‍ സുരേഷ് കുറുപ്പിനെ തന്നെ കളത്തിലിറിക്കി മൂന്ന് തവണ കോട്ടയം എല്‍.ഡി.എഫ് നില നിര്‍ത്തി. 2009ല്‍ ഇത് തുടരാന്‍ സാധിച്ചില്ല. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കി മാണിയുടെ മകനെ തന്നെ കളത്തിലിറക്കി യു.ഡി.എഫ് സീറ്റ് പിടിച്ചു. അത് 2014 ആവര്‍ത്തിക്കുയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ആകെയുണ്ടായിരുന്ന 11,59,017 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 8,30,960 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 71.70 ശതമാനമായിരുന്നു പോളിംഗ്. മതസാമുദായിക സംഘടനകള്‍ക്കും വലിയ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കോട്ടയം.

നേരത്തെ കോട്ടയത്തിന്റെ ഭാഗമായിരുന്ന ചങ്ങനാശേരി, വാഴൂര്‍ തുടങ്ങിയ മണ്ഡലങ്ങളെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ കോട്ടയത്തിന് നഷ്ടമായി. പകരം എറണാകുളം ജില്ലയിലെ പിറവം കോട്ടയത്തോട് ചേര്‍ത്തു. വാഴൂര്‍ മണ്ഡലം ഇല്ലാതാകുകയും കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലേക്ക് ചേര്‍ക്കുകയും ചെയ്തു.

റബര്‍ കര്‍ഷകരുടേതടക്കമുള്ള പ്രശ്നങ്ങളും വികസനവും സജീവ ചര്‍ച്ചയാകാറുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വത്തിന് കോട്ടയം മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഏറെ പ്രാധാന്യം നല്‍കാറുണ്ട്. മുന്‍കാല തെരഞ്ഞെടുപ്പ് വിജയങ്ങള്‍ അത് തെളിയുക്കുന്നുമുണ്ട്. നിലവില്‍ ജോസ് കെ മാണി എം.പി സ്ഥാനം രാജിവെച്ചതിനാല്‍ മണ്ഡലത്തിന് എം.പിയില്ല.