LiveTV

Live

Kerala

എറണാകുളം മണ്ഡലം തിരികെ പിടിക്കാന്‍ എല്‍.ഡി.എഫ്; വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

കഴിഞ്ഞ തവണ എണ്‍പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയുള്ള പരീക്ഷണത്തിനും ഇത്തവണ എല്‍.ഡി.എഫ് തയാറാകില്ല.

എറണാകുളം മണ്ഡലം തിരികെ പിടിക്കാന്‍ എല്‍.ഡി.എഫ്; വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

തുടര്‍ച്ചയായി രണ്ട് വട്ടം കോണ്‍ഗ്രസിനൊപ്പം നിലയിറുപ്പിക്കുന്ന മണ്ഡലമാണ് എറണാകുളം. മണ്ഡലം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ എല്‍.ഡി.എഫ് മാസങ്ങള്‍ക്ക് മുമ്പേ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ തവണ എണ്‍പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയുള്ള പരീക്ഷണത്തിനും ഇത്തവണ എല്‍.ഡി.എഫ് തയാറാകില്ല.

വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് എറണാകുളം. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ.വി തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളുടെ പോലും ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ വിലയിരുത്തല്‍. ഗ്രൂപ്പ് പോര് മുറുകയോ മറ്റ് ചര്‍ച്ചകള്‍ ഉയര്‍ന്ന് വരികയോ ചെയ്താല്‍ ലാലി വിന്‍സെന്റിന്റെ പേരാകും ചര്‍ച്ചകള്‍ക്കായെങ്കിലും ഉയര്‍ന്നുവരിക.

സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തിയുള്ള പരീക്ഷണത്തിന് ഇത്തവണ ഇടതുമുന്നണി മുതിരില്ല. കഴിഞ്ഞ തവണ മത്സരിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസും ഇത്തവണ മുന്നണിയുടെ പരിഗണനയില്ല. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവിനെ രംഗത്തിറക്കാനാണ് ഇടതുമുന്നണി ആലോചിക്കുന്നത്. പ്രാദേശിക പരിപാടികളിലടക്കം സജീവ സാനിധ്യമായി പി രാജീവ് ഇപ്പോഴേ രംഗത്തുണ്ട്. രണ്ടാമതൊരു പേര് പരിഗണനക്ക് വന്നാല്‍ അത് വനിത കമ്മീഷന്‍ അധ്യക്ഷ കൂടിയായ എം.സി ജോസഫൈന്‍ ആകാനാണ് സാധ്യത. പി രാജീവ് രംഗത്തിറങ്ങിയാല്‍ മികച്ച രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്‌ഡലമായി എറണാകുളം മാറുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തവണ മത്സരിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷണന്‍ തന്നെയാകും ബി.ജെ.പി സ്ഥാനാര്‍ഥി. ബി.ഡി.ജെ.എസിന് നല്‍കുന്ന സീറ്റുകളില്‍ എറണാകുളം പരിഗണിക്കപ്പെട്ടില്ലെങ്കില്‍ മറ്റ് പേരുകളൊന്നും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഉയര്‍ന്ന് വരാന്‍ സാധ്യതയില്ല.