LiveTV

Live

Kerala

സാമ്പത്തിക സംവരണം: സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും എന്‍.എസ്.എസും

മുന്നാക്ക സംവരണം കണ്ണില്‍ പൊടിയിടാനെന്ന് കോണ്‍ഗ്രസ്. അംഗീകരിക്കാനാവില്ലെന്ന് ന്യൂനപക്ഷ സംഘടനകള്‍. സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടപ്പാക്കാനാകില്ലെന്ന് നിയമവിദഗ്ധര്‍

സാമ്പത്തിക സംവരണം: സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും എന്‍.എസ്.എസും

സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാരും, സി.പി.എമ്മും, എന്‍.എസ്.എസും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നത് സി.പി.എം നിലപാട് ആണെന്നും, കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ നീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീതി ബോധം തെളിഞ്ഞെന്നായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണം.

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് സി.പി.എം നേരത്തെ ആവശ്യപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യനീതി നടപ്പാക്കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നതെന്നും ഇത് നടപ്പാക്കാന്‍ ഏറെ കടമ്പകള്‍ കടക്കാനുണ്ടെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. അര നൂറ്റാണ്ടായി എന്‍.എസ്.എസ് ആവശ്യപ്പെടുന്ന കാര്യമാണ് സാമ്പത്തിക സംവരണമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. നിലവില്‍ സംവരണം ലഭിക്കുന്നവരുടെ അവകാശത്തില്‍ കൈവയ്ക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

ദേവസ്വത്തില്‍ സംസ്ഥാനം നേരത്തെ നടപ്പാക്കിയതാണ് സാമ്പത്തിക സംവരണമെന്നും, കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വ്യവസായമന്ത്രി ഇ.പി ജയരാജനും വ്യക്തമാക്കി

Also read: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവുമായി കേന്ദ്രം

മുന്നാക്ക സംവരണം കണ്ണില്‍ പൊടിയിടാനെന്ന് കോണ്‍ഗ്രസ്. സര്‍ക്കാര്‍ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നും കോണ്‍ഗ്രസ് വിമര്‍‌ശിച്ചു. പഠിച്ചിട്ട് പ്രതികരിക്കാമെന്നായിരുന്നു മുസ്ലിംലീഗ് എടുത്ത നിലപാട്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിന് തെളിവാണ് സാമ്പത്തിക സംവരണമെന്നായിരുന്നു സി.പി.ഐയുടെ പ്രതികരണം.

മുന്നോക്ക സംവരണം: അംഗീകരിക്കാനാവില്ലെന്ന് ന്യൂനപക്ഷ സംഘടനകള്‍

മുന്നാക്ക സംവരണത്തിന് എതിരെ കടുത്ത പ്രതിഷേധവുമായി മുസ്‍ലീം സംഘടനകള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായമാണ് നല്‍കേണ്ടത്. അല്ലാതെയുള്ള നീക്കം സംവരണത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തെ അട്ടിമറിക്കുന്നതാണെന്നാണ് മുസ്‍ലീം സംഘടനകളുടെ പൊതു നിലപാട്.

ഉദ്യോഗതലത്തില്‍ മുന്നോക്കകാര്‍ക്ക് സംവരണം വേണ്ടതില്ലെന്നാണ് മുസ്‍ലീം സംഘടനകളടക്കമുള്ള ന്യൂനപക്ഷ സംഘടനകളുടേയെല്ലാം പൊതു നിലപാട്. മുന്നോക്കകാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നിലവിലുണ്ടെന്ന് ഇവര്‍ ചൂണ്ടികാണിക്കുന്നു. സാമ്പത്തിക പിന്നാക്ക അവസ്ഥയ്ക്ക് സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ നല്‍കേണ്ടതെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണത്തിന് അര്‍ഹത. അതിനെ സാമ്പത്തികമായി കൂട്ടികുഴക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടും ന്യൂനപക്ഷ സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ വരും നാളുകളില്‍ യോജിച്ച പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ന്യൂനപക്ഷ സംഘടനകള്‍.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടപ്പാക്കാനാകില്ലെന്ന് നിയമവിദഗ്ധര്‍

മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടപ്പാക്കാനാകില്ലെന്ന് നിയമവിദഗ്ധര്‍. സംവരണവുമായി ബന്ധപ്പെട്ട അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണ് സാമ്പത്തിക സംവരണം. ഭരണഘടന ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാലും സാമ്പത്തിക സംവരണം നടപ്പാക്കാനാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് ഭരണഘടന സംവരണം ഏര്‍പെടുത്തിയത്. സാമ്പത്തികാവസ്ഥ അതിന്റെ പരിഗണനാവിഷയമേ അല്ല. മണ്ഡൽ കമ്മീഷനുമായി ബന്ധപ്പെട്ട് വി.പി സിംങ് പിന്നാക്ക സമുദായങ്ങൾക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനൊപ്പം മുന്നാക്ക സമുദായങ്ങളിൽ പെട്ടവർക്ക് 10 ശതമാനം സംവരണം നല്‍കിയത് സുപ്രീം കോടതി റദ്ദാക്കിയതാണ്. സാമ്പത്തിക സംവരണം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചാണ് വിധി പുറഞ്ഞത്.

9 അംഗ ഭരണഘടന ബ‍ഞ്ചിന്റെ ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട കേസുകളെല്ലാം പില്‍കാലത്ത് സുപ്രീംകോടതി പരിഗണിച്ചത്. ഭരണഘടനാ ഭേദഗതി പോലും ചോദ്യം ചെയ്യപ്പെടും. സംവരണത്തിന്റെ അടിസ്ഥാനതത്വം തന്നെ സാമ്പത്തിക സംവരണത്തിന് എതിരായിട്ടും സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നാണ് വിലയിരുത്തല്‍.