LiveTV

Live

Kerala

ചുവപ്പുനാടയില്‍ കുരുങ്ങി വീട് നിര്‍മാണം; പുഷ്പയുടെ ജീവിതം ഇടിഞ്ഞുവീഴാറായ മേല്‍ക്കൂരയ്ക്ക് കീഴെ

പുഷ്പയുടെ ദയനീയാവസ്ഥ കണ്ട് സന്നദ്ധ സംഘടനകള്‍ സഹായിക്കാനെത്തിയെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങി പുതിയ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നില്ല.

ചുവപ്പുനാടയില്‍ കുരുങ്ങി വീട് നിര്‍മാണം; പുഷ്പയുടെ ജീവിതം ഇടിഞ്ഞുവീഴാറായ മേല്‍ക്കൂരയ്ക്ക് കീഴെ

പ്രളയം കഴിഞ്ഞ് നാല് മാസമായിട്ടും എറണാകുളം ആലങ്ങാട് സ്വദേശി പുഷ്പയുടെ ജീവിതം ദുരിതത്തില്‍ തന്നെ. മുക്കാൽഭാഗം ഇടിഞ്ഞുവീണ മേൽക്കൂരയ്ക്ക് കീഴിൽ ജീവന്‍ പണയം വെച്ചാണ് പുഷ്പ താമസിക്കുന്നത്. പുഷ്പയുടെ ദയനീയാവസ്ഥ കണ്ട് സന്നദ്ധ സംഘടനകള്‍ സഹായിക്കാനെത്തിയെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങി പുതിയ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നില്ല.

ഒറ്റയ്ക്കാണ് വിധവയായ പുഷ്പയുടെ താമസം. തകർന്ന വീടിന് പകരം പുതിയത് പണിയുന്നതിനുള്ള അനുമതി ഇതുവരെയും ആലങ്ങാട് പഞ്ചായത്ത് നൽകിയിട്ടില്ല. മരിച്ചുപോയ ഭർത്താവിന്റെയും പുഷ്പയുടെയും പേരിലാണ് ആധാരം. പഞ്ചായത്ത് ആവശ്യപ്പെടുന്ന രേഖകൾ എല്ലാം നൽകാൻ പ്രളയത്തിൽ എല്ലാം നശിച്ച വൃദ്ധയായ പുഷ്പയ്ക്ക് കഴിയുന്നുമില്ല. വീടിന് രണ്ട് ആധാരമാണെന്നും അതിലൊന്ന് മാത്രമാണ് അവർ പരിശോധനക്ക് നൽകിയതെന്നുമാണ് കാരണമായി പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്.

ഇവിടത്തെ പള്ളിവികാരി ഫാദർ ജോബി ഇടപെട്ടാണ് ഒരു സന്നദ്ധ സംഘടനയെ കൊണ്ട് ഈ വാർഡിൽ 14 വീടുകൾ സൗജന്യമായി നിർമിച്ചുനൽകാൻ തീരുമാനം എടുപ്പിച്ചത്. എന്നാൽ അഞ്ച് വീടിന് മാത്രമാണ് പഞ്ചായത്ത് ഇതുവരെ നിർമ്മാണ അനുമതി നൽകിയത്. പ്രളയത്തിൽ രേഖകളെല്ലാം നശിച്ചവർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ഇതൊന്നും അംഗീകരിക്കാൻ ആലങ്ങാട് പഞ്ചായത്ത് തയ്യാറല്ല എന്നാണ് ഫാദർ ജോബി പറയുന്നത്.

ഇനിയും ആലങ്ങാട് പഞ്ചായത്ത് വീട് നിർമ്മാണത്തിനുള്ള അനുമതി വൈകിച്ചാൽ 14 വീട് നിർമ്മിക്കാനുള്ള സന്നദ്ധ സംഘടനയുടെ സഹായം നഷ്ടമാകും. ഇതുവരെ വീട് പണിയാൻ സർക്കാർ സഹായം കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു.