LiveTV

Live

Kerala

വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണയും പ്രതീക്ഷയര്‍പ്പിച്ച് യു.ഡി.എഫ്

വയനാട്ടില്‍ സുരക്ഷിത മണ്ഡലമെന്ന നിലയില്‍ രാഹുല്‍ഗാന്ധി തന്നെ മത്സരിക്കാനിടയുണ്ടെന്നും ചില കോണുകളില്‍ നിന്ന് സംസാരമുയരുന്നുണ്ട്.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണയും പ്രതീക്ഷയര്‍പ്പിച്ച് യു.ഡി.എഫ്

സംസ്ഥാനത്ത് തന്നെ യു.ഡി.എഫ് ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് വയനാട്. മണ്ഡല രൂപീകരണത്തിന് ശേഷം രണ്ട് തവണയും യു.ഡി.എഫ് തന്നെയാണ് വിജയം നേടിയത്. അതുകൊണ്ട് തന്നെ മുതിര്‍ന്ന പലനേതാക്കളും നോട്ടമിട്ടിരിക്കുന്ന മണ്ഡലമാണ് വയനാട്.

മൂന്ന് ജില്ലകളില്‍ നിന്നുമായി ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലത്തിലാണ് യു.ഡി.എഫിന് വിജയിക്കാന്‍ സാധിച്ചത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ ഉറച്ച കോട്ട തന്നെയാണ് വയനാട് ലോക്സഭാ മണ്ഡലം.

2009 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച മണ്ഡലമാണ് വയനാട്. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ ഷാനവാസ് 153439 വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചു. സി.പി.ഐയിലെ എം. റഹ്മത്തുള്ളയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. എന്നാല്‍ 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ തെരഞ്ഞടുപ്പിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഷാനവാസിന് സാധിച്ചില്ല. 20870 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. സി.പി.ഐയിലെ തന്നെ സത്യന്‍ മൊകേരിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ഷാനവാസിനോടുള്ള വോട്ടര്‍മാരുടെ അതൃപ്തിയായിരുന്നു ഭൂരിപക്ഷം കുറയാനിടയായതെന്നായിരുന്നു പൊതുവിലയിരുത്തല്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും എല്‍.ഡി.എഫിനായിരുന്നു വിജയം. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണ്. നിലവില്‍ 1306141 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്

വിജയസാധ്യത നിലനില്‍ക്കുന്നതിനാല്‍ തന്നെ യു.ഡി.എഫിലെ പല നേതാക്കളും വയനാട് സീറ്റില്‍ കണ്ണുവെച്ചിട്ടുണ്ട്. നിലവില്‍ ടി. സിദ്ദീഖ്, വി.വി പ്രകാശ്, എം.എം ഹസ്സന്‍, കെ.സി വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഒരു പക്ഷേ സുരക്ഷിത മണ്ഡലമെന്ന നിലയില്‍ രാഹുല്‍ഗാന്ധി തന്നെ മത്സരിക്കാനിടയുണ്ടെന്നും ചില കോണുകളില്‍ നിന്ന് സംസാരമുയരുന്നുണ്ട്.