LiveTV

Live

Kerala

ലോക്സഭ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെയെന്ന് സൂചന

പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കണമെന്ന നിലപാടില്‍ സി.പി.ഐ ജില്ലാ കമ്മറ്റി. സ്ഥാനാര്‍ഥി കാര്യത്തില്‍ വ്യക്തത വരാതെ ബി.ജെ.പി.

ലോക്സഭ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെയെന്ന് സൂചന

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂര്‍ തന്നെയെന്ന് സൂചന നല്‍കി തിരുവനന്തപുരം ഡി.സി.സി. പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കണമെന്ന നിലപാടില്‍ സി.പി.ഐ ജില്ലാ കമ്മറ്റി. സ്ഥാനാര്‍ഥി കാര്യത്തില്‍ വ്യക്തത വരാതെ ബി.ജെ.പി. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം.

തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ ആരാകുമെന്ന ആകാംക്ഷയിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് തിരുവനന്തപുരത്ത്. സിറ്റിങ് എം.പി ശശിതരൂരിന്റെ പേരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ മുന്‍ നിരയില്‍. ഇക്കാര്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തന്നെ ശരിവെക്കുന്നു.

2009 ലെ ഒരു ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം 2014 ല്‍ 15470 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ആ സാഹചര്യങ്ങള്‍ മാറിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ബി.ജെ.പി തരംഗത്തിന് പകരം കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള സാധ്യതയാണ് ദേശീയ തലത്തില്‍. തരൂരിന്റെ രാഷ്ട്രീയ പ്രതിച്ഛായ തന്നെ മാറി. പാര്‍ട്ടി ഘടകങ്ങള്‍ കേന്ദ്രീകരിച്ചുള്ള തെരഞ്ഞടുപ്പ് തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക്, സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എം.എല്‍.എ ആയ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് സാധ്യത കുറവാണ്. മിസോറാമിലേക്ക് ഗവര്‍ണറായി പോയ കുമ്മനം രാജശേഖരന്‍ മുതല്‍ സുരേഷ് ഗോപിയും മോഹന്‍ലാലും അടക്കമുള്ള പേരുകള്‍ ചര്‍ച്ചകളില്‍ കടുന്നുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേ ചിത്രം വ്യക്തമാകൂ.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ നാണക്കേട് മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് സി.പി.ഐ. കഴിഞ്ഞ തവണ പിഴച്ച സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണ തിരുത്തും. പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് ജില്ലാ കമ്മറ്റിയുടെ ആഗ്രഹം. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലുള്ളവരുടെ പേരുകള്‍ മുതല്‍ ജെ.എന്‍.യു ഫെയിം കനയ്യകുമാറിന്‍റെ പേരു വരെ ചര്‍ച്ചകളിലുണ്ട്. രാഷ്ട്രീയ പോരാട്ടം കാഴ്ച വെച്ചാല്‍ വിജയം അസാധ്യമല്ലെന്നാണ് സി.പി.ഐയുടെ കണക്ക് കൂട്ടല്‍. കോണ്‍ഗ്രസും സി.പി.ഐ യും ബി.ജെ.പിയും കരുക്കള്‍ നീക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്, തിരുവനന്തപുരത്തെ പോരാട്ടം ദേശീയ ശ്രദ്ധയാകര്‍ഷിക്കും.