LiveTV

Live

Kerala

കെ.ടി ജലീലിന്‍റെ ഇസ്‍ലാം  വിമര്‍ശം; സി.പി.എമ്മിന് മുന്നറിയിപ്പ് നല്‍കി സമസ്തയുടെ മുഖപ്പത്രത്തില്‍ ലേഖനം

പാര്‍ടി മെംബര്‍ഷിപ്പ് പോലുമില്ലാത്ത ജലീലിന് രാഷ്ടീയത്തില്‍ നിലനില്‍ക്കാന്‍ വിവാദ പ്രസ്താവനകള്‍ ആവശ്യമായിരിക്കാം

കെ.ടി ജലീലിന്‍റെ ഇസ്‍ലാം  വിമര്‍ശം; സി.പി.എമ്മിന് മുന്നറിയിപ്പ് നല്‍കി സമസ്തയുടെ മുഖപ്പത്രത്തില്‍ ലേഖനം

ഇസ്ലാമിക വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ട വിവാദ പ്രസതാവനകള്‍ നടത്തിയ മന്ത്രി കെ.ടി ജലീലിനെതിരെ സമസ്തയുടെ മുഖപ്പത്രത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്‍റെ ലേഖനം.

മലപ്പുറം സുല്‍ത്താന്‍റെ ദീന്‍ ഇലാഹി എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ജലീലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതോടൊപ്പം ജലീലിനെ നിയന്ത്രിച്ചില്ലെങ്കില്‍ സി.പി.എം വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. പാര്‍ടി മെംബര്‍ഷിപ്പ് പോലുമില്ലാത്ത ജലീലിന് രാഷ്ടീയത്തില്‍ നിലനില്‍ക്കാന്‍ വിവാദ പ്രസ്താവനകള്‍ ആവശ്യമായിരിക്കാം. ജനപ്രതിനിധി എന്ന നിലിയിലും മുസ്‍ലിം എന്ന നിലയിലും തന്‍റെ നിലവാരം കാത്തുസൂക്ഷിക്കാന്‍ ജലീലിന് കഴിഞ്ഞില്ല എന്ന വിമര്‍ശനത്തോടെയാണ് ലേഖനം ആരംഭിക്കുന്നത്.
ഇസ്‍ലാമോഫോബിക് ആയ സവര്‍ണപൊതുമണ്ഡലത്തെ തൃപ്തിപ്പെടുത്താനാണ് ജലീല്‍ ഇസ്‍ലാമിനെയും മുസ്‍ലിം ജീവിതത്തെയും ഔചിത്യമില്ലാതെ രാഷ്ട്രീയ വേദികളില്‍ പ്രശ്നവല്‍ക്കരിക്കുന്നത്. മുസ്‍ലിം ലീഗിനെ ജലീലിന് വിമര്‍ശിക്കാം. വിമര്‍ശനം ഇസ്‍ലാമിലേക്ക് കടന്നാല്‍ പിന്നെ മൌനം പാലിക്കാനാവില്ല.

മതേതര രാഷ്ട്രീയപാര്‍ടികളില്‍ പ്രവര്‍ത്തിക്കുന്ന ചില മുസ്‍ലിം നേതാക്കള്‍ തന്‍റെ കൂറ് തെളിയിക്കാന്‍ ചില കസര്‍ത്തുകള്‍ കാണിക്കാറുണ്ട്. ജലീലിന്‍റെ ചെയ്തികള്‍ അതിന്‍റെയെല്ലാം പരിധികള്‍ വിട്ടതായി ലേഖനം കുറ്റപ്പെടുത്തുന്നു. ഇസ്‍ലാമിന്‍റെ മോക്ഷസങ്കല്‍പ്പങ്ങളെ വഅള് പറഞ്ഞ് തിരുത്താനാണ് ജലീല്‍ ശ്രമിക്കുന്നത്. അംത് അംഗീകരിക്കാനാവില്ല. സര്‍വ്വതമ സത്യവാദമാണ് ജലീല്‍ പ്രചരിപ്പിക്കുന്നത്. അക്ബര്‍ രാജാവിന്‍റെ ദീന്‍ ഇലാഹിയെ പോലെ ഒന്നാണിത്. തന്‍റെ മതേതര പ്രതിച്ഛായ നിലനിര്‍ത്താന്‍ ജലീല്‍ ഇസ്‍ലാമിനെയും മുസ്‍ലിം ജീവിതത്തെയും അപരവല്‍ക്കരിക്കുകയാണ്. മുസ്‍ലിം സാംസ്കാരിക ജീവിതം പ്രതിസന്ധിയിലാക്കുകയാണ് ജലീല്‍ ചെയ്യുന്നത്.

കെ.ടി ജലീലിന്‍റെ ഇസ്‍ലാം  വിമര്‍ശം; സി.പി.എമ്മിന് മുന്നറിയിപ്പ് നല്‍കി സമസ്തയുടെ മുഖപ്പത്രത്തില്‍ ലേഖനം

ഇസ്‍ലാമിനെയും മുസ്‍ലിംകളെയും അപരവല്‍ക്കരിച്ച ആര്യാടന്‍ മുഹമ്മദിനും ആര്യാടന്‍ ഷൌക്കത്തിനും ഒടുവില്‍ നിലമ്പൂരില്‍ കാലിടറിയ കാര്യം മറക്കരുതെന്ന് കൂടി ലേഖനം ഓര്‍മ്മിപ്പക്കുന്നു. സോഷ്യല്‍മീഡിയ ഹര്‍ത്താലിന്‍റെ മറവില്‍ താനൂരില്‍ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഒരു സമുദായത്തിന്‍റെ തലയില്‍ ജലീല്‍ കെട്ടിവെച്ചെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. നല്ല മുസ്‍ലിം/ ചീത്ത മുസ്‍ലിം എന്ന ദ്വന്തം സൃഷ്ടിച്ച് തന്‍റെ ഇടം അടയാളപ്പെടുത്താനാണ് ജലീല്‍ ശ്രമിക്കുന്നത്. ഇസ്‍ലാമിക പണ്ഡിതരെ പോലും ജലീല്‍ ഔചിത്യമില്ലാതെ മതം പഠിപ്പിക്കാന്‍ മുതിരുകയാണ് തുടങ്ങിയ വിമര്‍ശനങ്ങളും ലേഖനത്തിലുണ്ട്. സി.പി.എമ്മിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയാണ് ലേഖനം അവസാനിപ്പിക്കുന്നത്.

“കെ.ടി ജലീല്‍ വിഹരിക്കുന്ന മൂല്യമണ്ഡലത്തെക്കുറിച്ച് സി.പി.എമ്മിന് കൃത്യമായ ധാരണയില്ലെന്ന് കരുതി അയാളുടെ ചെയ്തികളുടെ പ്രത്യാഘാതത്തില്‍ നിന്ന് സി.പി.എമ്മിന് മാറി നില്‍ക്കാനാകില്ല. ന്യൂനപക്ഷങ്ങളെ അഭിസംബോധന ചെയ്യുന്ന ജോലി ജലീലിനെ പാര്‍ടി ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റായിപ്പോയി. കേരളീയ മുസ്‍ലിംകള്‍ക്ക് രാഷ്ട്രീയക്കാര്‍ക്കിടയില്‍ നിന്ന് ഒരു നവോത്ഥാന നായകനെ ആവശ്യമില്ല. ഇക്കാര്യം പാര്‍ടി സെക്രട്ടറി കൂടി ശ്രദ്ധിച്ചാല്‍ നന്നായിരിക്കും”.
സമസ്തയിലെ ഏറ്റവും ശക്തനായ യുവനേതാവായ സത്താര്‍ പന്തല്ലൂരിന്‍റെ ജലീല്‍ വിരുദ്ധ ലേഖനം സമസ്തയുടെ നേതൃത്വത്തിന്‍റെ കൂടി അറിവോടെയാണ്. കാന്തപുരം വിഭാഗത്തിലെ പ്രമുഖ ബുദ്ധിജീവി മുഹമ്മദലി കിനാലൂരും ജലീലിനെതിരെ രൂക്ഷവിമര്‍ശനങ്ങളുള്ള കുറിപ്പ് കഴിഞ്ഞ ദിവസം എഴുതിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ.ടി ജലീല്‍ മലബാറിലെ മുസ്‍ലിംകള്‍ക്കിടയില്‍ അസ്വീകാര്യനായി മാറുന്നത് സി.പി.എമ്മിലും ഇതിനകം ചര്‍ച്ചയായിയിട്ടുണ്ട്.