LiveTV

Live

Kerala

വയലിന് തീയിട്ട് വനിതാ മതില്‍ പൊളിക്കാന്‍ ബി.ജെ.പി ശ്രമം

വനിതാ മതിലിന് സ്ത്രീകളും കുട്ടികളും എത്തുന്നത് തടയാനായി റെയില്‍ ട്രാക്കിലെ പുല്ലുകള്‍ക്കും വയലിനും തീയിടുകയായിരുന്നു. വനിതാ മതിലിനെത്തിയവര്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു.

വയലിന് തീയിട്ട് വനിതാ മതില്‍ പൊളിക്കാന്‍ ബി.ജെ.പി ശ്രമം

വനിതാ മതിലിനെത്തിയ സ്ത്രീകൾക്ക് നേരെ കാസർകോട് ചേറ്റുകുണ്ടിൽ ബി.ജെ.പി-ആർ.എസ്.എസ് അക്രമം. റോഡിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ട് വനിതാ മതിലിനെ തടസപ്പെടുത്തി. അക്രമത്തെ തുടര്‍ന്ന് തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

കാസർകോട് ചേറ്റുകുണ്ടിൽ വനിതാ മതിലിൽ പങ്കെടുക്കാനെത്തിയ വനിതകളെ വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ അനുവദിച്ചില്ല. സമീപത്തെ കുറ്റിക്കാടിന് തീയിട്ടും വാഹനത്തിന് കല്ലെറിഞ്ഞും ആർ.എസ്.എസ് പ്രവർത്തകർ അക്രമം നടത്തി. റെയിൽവേ പാളത്തിനോട് ചേർന്ന നെല്‍പ്പാടത്തിനും കുറ്റിക്കാടിനുമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തീയിട്ടത്. നിരവധി വാഹനങ്ങള്‍ അക്രമികൾ തകര്‍ത്തു. വിവരമറിഞ്ഞ് സി.പി.എം പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ ചേരിതിരിഞ്ഞ് സംഘർഷമായി. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗിച്ചും ജനക്കൂട്ടം പിരിഞ്ഞു പോവാതിരുന്നതിനാൽ പൊലീസ് ആകാശത്തേക്ക് നാല് റൗണ്ട് വെടിവെച്ചു.

ജില്ലാ കളക്ടർ ഡോ സജിത്ത് ബാബു, ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസൻ തുടങ്ങിയ ഉന്നത സംഘം സ്ഥലം സന്ദർശിച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ കാസർകോട് മായിപ്പാടിയിലും കണ്ണൂർ തലശ്ശേരി തലായിലും സംഘർഷംഅക്രമമുണ്ടായി. കണ്ണൂർ തലശ്ശേരി തലായിൽ വനിതാ മതിൽ പങ്കെടുത്ത യുവതിയെ ഒരു സംഘം മർദ്ദിച്ചതായാണ് പരാതി. കുട്ടിമാക്കൂൽ കുന്നുംഭാഗത്തെ ഹിമ, ഹിമയുടെ പിതാവ് മോഹനൻ, കുന്നുംഭാഗം സി.പി.എം ബ്രാഞ്ച് സെക്രട്ടറി വിനോദൻ.കെ, കുട്ടിമാക്കൂലിലെ സനിത്ത്, എന്നിവർക്ക് മർദ്ദനമേറ്റതായാന്ന് പരാതി. വനിതാ മതിലിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനത്തിന് നേരെ കാസർകോട് മായിപ്പാടികിൽ കല്ലേറ് നടന്നു. മൂന്ന് സ്ത്രീകൾ ഉൾപ്പടെ 4 പേർക്ക് പരിക്കേറ്റു.

ഒരുലക്ഷത്തോളം വനിതകള്‍ മതിലില്‍ അണിനിരക്കുമെന്നാണ് കാസര്‍കോട് വനിതാ മതില്‍ സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വനിതാ മതിലിന് വലിയ തോതിലുള്ള സ്ത്രീ പങ്കാളിത്തമാണ് കാസര്‍കോട് ജില്ലയുടെ എല്ലാ ഭാഗത്തും ലഭിച്ചത്. ഒരു ലക്ഷത്തിലേറെ വനിതകള്‍ മതിലില്‍ കണ്ണി ചേര്‍ന്നുവെന്നാണ് കരുതുന്നത്.