LiveTV

Live

Kerala

സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും

ഇന്നലെ അന്തരിച്ച സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് വിട്ടു നല്‍കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

പുതിയ യാത്രാ വിവരണത്തിന്റെ അവസാന മിനുക്ക് പണിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി സൈമണ്‍ ബ്രിട്ടോ തൃശൂരിലായിരുന്നു. നിരവധി ക്രിസ്മസ് - പുതുവര്‍ഷ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ദേഹാസ്ഥാസ്ഥ്യമുണ്ടായത് . ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ് സുനില്‍ കുമാര്‍ , സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. അടുത്ത സഹായി മാത്രമാണ് മരണ സമയത്ത് ബ്രിട്ടോയുടെ കൂടെയുണ്ടായിരുന്നത്. ഭാര്യ സീന ഭാസ്കറും കേരളത്തിന് പുറത്ത് യാത്രയിലായിരുന്നു.

എറണാകുളം സ്വദേശിയായ ബ്രിട്ടോ എസ്.എഫ്.ഐ നേതാവായിരിക്കെ എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ കുത്തേറ്റതിനെ തുടര്‍ന്ന് അരക്ക് താഴെ തളര്‍ന്നാണ് കഴിഞ്ഞ 35 വര്‍ഷം ജീവിച്ചത്. ശരീരം വീല്‍ച്ചെയറിലായിരുന്നെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാനിധ്യമായിരുന്നു. 2006-11 കാലഘട്ടത്തില്‍ കേരള നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി. തളരാത്ത പോരാട്ട വീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Also read: സൈമണ്‍ ബ്രിട്ടോ; കേരള രാഷ്ട്രീയത്തിലെ ഫീനിക്സ് പക്ഷി

Also read: സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു