LiveTV

Live

Kerala

സൈമണ്‍ ബ്രിട്ടോ; കേരള രാഷ്ട്രീയത്തിലെ ഫീനിക്സ് പക്ഷി

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നരപ്പതിറ്റാണ്ട് കാലമാണ് സൈമണ്‍ ബ്രിട്ടോ തള്ളി നീക്കിയത്.

 സൈമണ്‍ ബ്രിട്ടോ; കേരള രാഷ്ട്രീയത്തിലെ ഫീനിക്സ് പക്ഷി

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നരപ്പതിറ്റാണ്ട് കാലമാണ് സൈമണ്‍ ബ്രിട്ടോ തള്ളി നീക്കിയത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം പിന്നീട് പ്രവര്‍ത്തന മേഖലയായി വിപുലീകരിക്കുകയായിരുന്നു അദ്ദേഹം.

1983 ഒക്ടോബര്‍ 14 നായിരുന്നു ആ ദുരന്തം..കേരളത്തിലെ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ ചോരക്കറയായി മാറിയ ദിനം. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ - കെ.എസ്.യു സംഘട്ടനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ കാണാനെത്തിയ എസ്.എഫ്.ഐ നേതാവ് സൈമണ്‍ ബ്രിട്ടോയെ ജനറല്‍ ആശുപത്രി കാഷ്വാലിറ്റിക്ക് സമീപം കെ.എസ്.യു പ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും കുത്തി. 85 ശതമാനം ചേതനയറ്റ ശരീരം ഫീനിക്സ് പക്ഷിയെ തോല്‍പിക്കും വിധം ഉയിര്‍ത്തെഴുന്നേറ്റിടത്ത് നിന്ന് തുടങ്ങി അതിജീവനത്തിന്റെ കഥ... കേരള രാഷ്ട്രീയത്തിലേക്ക് വീല്‍ ചെയറില്‍ ഉരുണ്ടുകയറിയ മഹാതികായന്റെ ചരിത്രം... അക്രമരാഷ്ട്രീയം തകര്‍ത്ത ജീവിതം ഒരിക്കലും സൈമണ്‍ ബ്രിട്ടോയെന്ന തീപ്പൊരി നേതാവിന് വേദനയായിരുന്നില്ല.

എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ പൂര്‍ത്തീകരിക്കന്‍ കഴിയാതെ പോയ സാംസ്കാരിക ഇടപെടല്‍ മാത്രമായിരുന്നു ആ മനസ്സില്‍. കലാലയങ്ങളുടെ ഇടനാഴിയില്‍ മുഴങ്ങിക്കേട്ട ശബ്ദം ഒരു തലമുറയെ വിപ്ലവ വീര്യത്താല്‍ പിടിച്ചുലച്ചു. ഏറെ നാള്‍ ആശുപത്രിക്കിടക്കയില്‍ ചെലവഴിച്ചപ്പോഴും ആ കാലമത്രയും മാറി നില്‍ക്കേണ്ടി വന്നല്ലോ എന്ന വേദന മാത്രം.. കുട്ടിക്കാലം മുതല്‍ തുടങ്ങിയ വായന പത്താം വയസ് മുതല്‍ എഴുത്തിലേക്ക് തിരിഞ്ഞു. രാഷ്ട്രീയ,സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നതിനൊപ്പം തുറന്ന് പറച്ചിലുകളും വിയോജിപ്പുകളുമായി മുഖ്യധാരാ രാഷ്ട്രീയത്തിനൊപ്പം വളരുക കൂടിയായിരുന്നു. 2006-11 കാലഘട്ടത്തില്‍ കേരള നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി. സജീവ രാഷ്ട്രീയത്തിലുള്ളപ്പോഴും എഴുത്തിന് സമയം കണ്ടെത്തി. അഗ്രഗാമി യുള്‍പ്പെടെയുള്ള രചനകള്‍ സാക്ഷി. 2015 ഏപ്രില്‍ ഒന്നിന് അംബാസിഡര്‍ കാറില്‍ ലോകം ചുറ്റാനിറങ്ങിയ ബ്രിട്ടോ പലര്‍ക്കും കൌതുകമായി. തുടര്‍ന്ന് നടത്തിയ വിദേശയാത്രയെ കുറിച്ചുള്ള കുറിപ്പുകളും ശ്രദ്ധേയമായി.

മൂന്നരപ്പതിറ്റാണ്ടിനിപ്പുറം മഹാരാജാസിന്റെ മണ്ണില്‍ വെച്ച് അഭിമന്യു എന്ന ചെറുപ്പക്കാരന് സഹപാഠികളുടെ കൈകളാല്‍ ജീവന്‍ നഷ്ടമായപ്പോള്‍ സൈമണ്‍ ബ്രിട്ടോക്ക് അത് താങ്ങാനായില്ല.. അവന് പകരം ഞാന്‍ എന്നെ കാണുന്നുവെന്ന് പറഞ്ഞ പഴയ വിപ്ലവ നേതാവിന് ശബ്ദമിടറി... എഴുത്തിന് വലംകയ്യായി കൂടെ നിന്ന ചെറുപ്പക്കാരന്‍ ഓര്‍മയായത് അംഗീകരിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ഒരു തലമുറക്ക് മുഴുവന്‍ അതിജീവനത്തിന്റെ പാഠം പകര്‍ന്നുകൊണ്ടാണ് ബ്രിട്ടോ യാത്രയാവുന്നത്.

Also read: സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു