LiveTV

Live

Kerala

വനിതാ മതിലില്‍ റിമാ കല്ലിങ്കലും

വൈകിട്ട് നാല് മണിക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തീര്‍ത്ത വനിതാ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്.

വനിതാ മതിലില്‍ റിമാ കല്ലിങ്കലും

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വനിതാമതിലില്‍ നടി റിമ കല്ലിങ്കലും. കോഴിക്കോടാണ് റിമ കല്ലിങ്കല്‍ വനിതാ മതിലിന്റെ ഭാഗമായത്. വൈകിട്ട് നാല് മണിക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തീര്‍ത്ത വനിതാ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്.

ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ സമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത് നാം നേടിയെടുത്തതാണ്. ഇനിയുള്ള കാലം നമ്മുടെ സമൂഹം എങ്ങനെയായിരിക്കണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. അതിനു വേണ്ടിയാണ് വനിതാ മതിലില്‍ അണിചേര്‍ന്നതെന്നും റിമ പറഞ്ഞു.

വേറെ എവിടെയാണെങ്കിലും കലാപത്തിലേക്ക് പോകാവുന്ന നിലയില്‍ നിന്നും പിടിച്ചു നിര്‍ത്തി. കൃത്യമായ സംസാരങ്ങളും വനിതാ മതില്‍ പോലുള്ള പ്രതിരോധം മുന്നോട്ടുവെക്കുന്നത് വലിയ കാര്യമാണ്. ശബരിമലയില്‍ കയറണ്ട എന്ന് പറഞ്ഞ് സ്ത്രീകള്‍ റോഡിലിറങ്ങി കണ്ടപ്പോള്‍ ഒരു നിമിഷം നമ്മള്‍ കരുതിയ പുരോഗമനം എവിടെയെന്ന സംശയം എല്ലാവര്‍ക്കും വന്നിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇത്തരം സംവാദങ്ങള്‍ നമ്മള്‍ മുന്നോട്ട് തന്നെയാണ് പോകുന്നതെന്നതിന്റെ തെളിവാണ്.

വര്‍ഗീയമാണ് പറയുന്നതിനേക്കാള്‍ സ്ത്രീകള്‍ക്കുവേണ്ടി എല്ലാവരും നില്‍ക്കുന്നുവെന്ന് പറയാനാണ് എനിക്ക് താല്‍പര്യം. ഇതൊരു തുടക്കമാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതിനുവേണ്ടി തന്നെയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഇത്രയും പങ്കാളിത്തം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒരു ഓപ്പണ്‍ കോളാണ് ഇത്.

കുലസ്ത്രീകള്‍ ഫെമിനിസ്റ്റ് എന്നീ വിളികളോടൊന്നും എനിക്ക് യോജിക്കാനാകില്ല. ഏത് ഭാഗത്ത് നില്‍ക്കുന്നവരാണെങ്കിലും നമ്മള്‍ വളര്‍ന്ന് വന്ന സാഹചര്യത്തിനും വിശ്വാസത്തിനും അടിസ്ഥാനപ്പെടുത്തിയാണ് പലരും അങ്ങനെ വിളിക്കപ്പെടുന്നത്. അതിനോട് യോജിപ്പില്ല.ഇതിന് പിന്‍ബലമായി നല്ല ഐഡിയോളജി ഉണ്ട്. ഭരണഘടനയുണ്ട്. നല്ല നട്ടെല്ലുള്ള ആളുകളുണ്ടെങ്കില്‍ ഇതുപോലത്തെ നവോത്ഥാന ഐഡിയകള്‍ നടക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മലയാളികള്‍ ഇങ്ങനെ വന്ന് നില്‍ക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടായിരുന്നുവെന്നും റിമ പറഞ്ഞു.

റിമയെ കൂടാതെ കെ.പി.എ.സി ലളിത, ഭാഗ്യലക്ഷ്മി, ബീനാ പോള്‍, ദീദി ദാമോദരന്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ ഒരുപാടു പേര്‍ വനിതാ മതിലില്‍ പങ്കെടുത്തു.