LiveTV

Live

Kerala

നിര്‍ത്തിവെച്ച സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ഇന്ധന വിലയിലുണ്ടായ കുറവും കെ.എസ്.ആര്‍‌.ടി.സി ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചതും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബസ്സുടമകള്‍.

നിര്‍ത്തിവെച്ച സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

കനത്ത നഷ്ടത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ അനുമതിയോടെ താത്കാലികമായി ഓട്ടം നിര്‍ത്തിയ സ്വകാര്യ ബസുകള്‍ വീണ്ടും നിരത്തിലിറങ്ങാനൊരുങ്ങുന്നു. ഇന്ധന വിലയിലുണ്ടായ കുറവും കെ.എസ്.ആര്‍‌.ടി.സി ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചതും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബസ്സുടമകള്‍. ജി ഫോം നല്‍കി സര്‍വീസ് നിര്‍ത്തിയ പല ബസുകളും നിരത്തിലിറക്കാനായി ഉടമകള്‍ ആര്‍.ടി.ഒമാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇന്ധന വില നിലം തൊടാതെ കുതിച്ചപ്പോള്‍ ചരിത്രത്തിലെങ്ങുമില്ലാത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയായിരുന്നു സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. ഇതോടെ ജി ഫോം നല്‍കി പല ബസ് സര്‍വീസുകളും സര്‍വീസ് നിര്‍ത്തി വെക്കുകയായിരുന്നു. സര്‍വീസ് നിര്‍ത്തിവെക്കുന്ന കാലയളവിലെ നികുതി ഒഴിവായിക്കിട്ടുമെന്നതായിരുന്നു ഇതിനു പ്രധാന കാരണം. ഡീസല്‍ വില കുറഞ്ഞതോടെയാണ് ഓട്ടം നിര്‍ത്തിയ ബസുകള്‍ വീണ്ടും നിരത്തിലിറങ്ങാന്‍‌ ഒരുങ്ങുന്നത്.

പ്രതിസന്ധി കാരണം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് വെട്ടിക്കുറച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വീസുകളാണ് അധികവും. ജി ഫോം നല്‍കി സര്‍വീസ് നിര്‍ത്തിയ സ്വകാര്യ ബസുകളില്‍ അധികവും ഹ്രസ്വദൂര സര്‍വീസുകളായാല്‍ കെ.എസ്.ആര്‍.ടി.സിയുടെ പിന്‍മാറ്റം നേട്ടമാകുമെന്നാണ് ബസുടമകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ തൊഴിലാളികളുടെ ക്ഷാമം ബസുടമകളെ വലക്കുന്നുണ്ട്.

പിരിച്ചുവിടപ്പെട്ട കെ.എസ്.ആര്‍.ടി.സി എം പാനല്‍ കണ്ടക്ടര്‍മാരെ സ്വകാര്യ ബസുകളില്‍ ജോലിക്ക് എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ തൊഴിലാളികളുടെ ക്ഷാമവും പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബസുടമകള്‍.