LiveTV

Live

Kerala

കോതമംഗലത്ത് ആദിവാസി കോളനിയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച തോക്കുകള്‍ കണ്ടെടുത്തു

ഏഴ് ആദിവാസികളുള്‍പ്പെടെ എട്ട് പേരെ വനപാലകര്‍ പിടികൂടി.രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറ് തോക്കുകളാണ് കണ്ടെടുത്തത്.

കോതമംഗലത്ത് ആദിവാസി കോളനിയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച തോക്കുകള്‍ കണ്ടെടുത്തു

കോതമംഗലം - ഇടമലയാർ ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ കോതമംഗലം , വാരിയം ആദിവാസി കോളനിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ആറ് തോക്കുകൾ പിടികൂടി. സംഭവത്തില്‍ ഏഴ് ആദിവാസികൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായി. ഇടമലയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വാരിയം ആദിവാസി കോളനിയിൽ വനപാലകർ പഴുതടച്ച് നടത്തിയ തെരച്ചിലിലാണ് തോക്കുകള്‍ കണ്ടെത്തിയത്.

ഒന്നര മാസം മുമ്പ് കാട്ടുപോത്തിനെ നായാട്ടു നടത്തി ഇറച്ചി വിൽപ്പന നടത്തിയ വാരിയം ആദിവാസി കോളനിയിലെ ശിവരാമൻ, മനോജ്, തങ്കൻ, പച്ചണൻ എന്നിവരെയും ഇവരുടെ പക്കൽ നിന്ന് ഇറച്ചി വാങ്ങിയ കല്ലേലി മേട് സ്വദേശിയായ സന്ദീപ് എന്നയാളെയുമാണ് വനപാലകർ അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാത്ത നാടൻ തോക്ക് കൈവശം വച്ചതിനാണ് വാരിയം കോളനിയിലെ തന്നെ അയ്യൻ പിള്ള, രാമൻ, കാശി എന്നിവർ അറസ്റ്റിലാകുന്നത്. കാട്ട് പോത്തിനെ കൊന്ന് ഇറച്ചി കയറ്റിക്കൊണ്ടുപോയ ജീപ്പും വനപാലകർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിസാഹസികമായി വനപാലകർ നടത്തിയ നീക്കങ്ങളാണ് വിജയം കണ്ടത്. വനാന്തരത്തിൽ സ്ഥിതി ചെയ്യുന്ന വാരിയം കോളനിയിൽ രാത്രിയെത്തിയ വനപാലകർക്ക് നേരെ കയ്യേറ്റ ശ്രമങ്ങളും നടന്നു .ഇതെല്ലാം തരണം ചെയ്താണ് വനപാലകർ ലക്ഷ്യത്തിലെത്തിയത്. കാട്ടുപോത്തിന്റെ ഇറച്ചി വാങ്ങിയവരുൾപ്പെടെ ഏതാനും പേർ കൂടി പിടിയിലാകാനുണ്ട്.