LiveTV

Live

Kerala

വിവാദങ്ങള്‍ക്കിടെ വനിത മതില്‍ നാളെ

വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിത മതില്‍ സംഘടിപ്പിക്കുന്നത്

വിവാദങ്ങള്‍ക്കിടെ വനിത മതില്‍ നാളെ

വിവാദങ്ങള്‍ക്കിടെ വനിത മതില്‍ നാളെ നടക്കും.വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിത മതില്‍ സംഘടിപ്പിക്കുന്നത്. നവോത്ഥാന സംഘടനകളുടേയും ഇടത് മുന്നണിയുടേതും അടക്കം 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍ അണി ചേരുമെന്നാണ് സംഘാടകരുടെ അവകാശവാദം.

ശബരിമല സ്ത്രീ പ്രവേശന വിഷത്തില്‍ സര്‍ക്കാരിനെതിരെ ബി.ജെ.പിയും എന്‍.എസ്.എസും സ്ത്രീകളെ അണിനിരത്തി സംസ്ഥാനമുടനീളം പരസ്യപ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് വനിത മതില്‍ എന്ന ആശയം ഉയര്‍ന്ന് വന്നത്. മുഖ്യമന്ത്രി വിളിച്ച് ചേര്‍ന്ന നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായതെങ്കിലും പിന്നീട് പരിപാടി സര്‍ക്കാര്‍ ഏറ്റെടുത്തതോടെ വിവാദപ്പെരുമഴ തന്നെയുണ്ടായി. ഹിന്ദുസംഘടനകളെ മാത്രം വിളിച്ച് തീരുമാനിച്ച മതില്‍ വര്‍ഗീയ മതിലാണെന്നായിരിന്നു പ്രതിപക്ഷം ആദ്യം ഉയര്‍ത്തിയ വിമര്‍ശനം. ഇതോടെ എല്ലാ മത വിഭാഗങ്ങളെയും മതിലിന്റെ ഭാഗമാക്കണമെന്ന തീരുമാനം സി.പി.എമ്മിന്റെ യോഗത്തിലുണ്ടായി.

മതിലിന് വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുവെന്നതായിരുന്നു അടുത്ത വിമര്‍ശം. വിവാദം കൊഴുത്തത്തോടെ സര്‍ക്കാര്‍ പണം ചെലവാക്കാമെന്ന് കാട്ടി ആദ്യം ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ തീരുത്തി. എന്നാല്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് നടക്കുന്ന മറ്റ് പരിപാടികളെപ്പോലെയാണ് വനിത മതിലുമെന്ന് സത്യവാങ് മൂലം ഹൈക്കോടതിയില്‍ നല്‍കിയതോടെ വീണ്ടും വിവാദമുയര്‍ന്നു. എന്‍.എസ്.എസിന്റെ എതിര്‍പ്പും വിവാദം ആളിക്കത്താന്‍ കാരണമായി. നിര്‍ബന്ധിച്ച പണം പിരിക്കുന്നു,മതിലില്‍ പങ്കെടുത്താവര്‍ക്ക് ആനൂകൂല്യങ്ങള്‍ നിഷേധിക്കുന്ന തുടങ്ങി നിരവധി വിവാദങ്ങള്‍ ഇതിനിടിയില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി കൂടി തീരുമാനത്തില്‍ എടുത്ത പരിപാടി വന്‍ വിജയമാക്കാനാണ് സര്‍ക്കാരിന്റെയും ഇടത് മുന്നണിയുടേയും തീരുമാനം.

വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ ജില്ലകളില്‍ പങ്കെടുത്ത് സംസാരിക്കും. മുഖ്യമന്ത്രി തിരുവനന്തപുരത്തായിരിക്കും പങ്കെടുക്കുന്നത്. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗം ചേര്‍ന്നായിരിക്കും വനിത മതില്‍ തീര്‍ക്കുന്നത്.3.30ന് റിഹേഴ്സല്‍ നടത്തി നാല് മണിക്ക് മതില്‍ തീര്‍ക്കാനാണ് തീരുമാനം. വനിതാമതിലിനു ചൊല്ലാനുള്ള പ്രതിജ്ഞ ഇന്നലെ തയ്യാറായിരുന്നു.