LiveTV

Live

Kerala

പാര്‍ട്ടി നടപടിയില്ലെങ്കിലും മുത്തലാഖ് വിവാദം കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി

ജനപ്രതിനിധികൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന ഹൈദരലി തങ്ങളുടെ വാക്കുകൾ കുഞ്ഞാലിക്കുട്ടിയ്ക്കുള്ള താക്കീത് കൂടിയായി മാറി.

 പാര്‍ട്ടി നടപടിയില്ലെങ്കിലും മുത്തലാഖ് വിവാദം കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി

രാഷ്ട്രീയ ശത്രുക്കൾ ആയുധമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുത്തലാഖ് വിവാദം പാർട്ടിയിൽ വിശദമായി ചർച്ച ചെയ്യാതെ അവസാനിപ്പിക്കാനുള്ള ലീഗിന്റെ തീരുമാനം. നടപടി നേരിടേണ്ടി വന്നില്ലെങ്കിലും രാഷ്ട്രീയമായി പി.കെ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ജനപ്രതിനിധികൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന ഹൈദരലി തങ്ങളുടെ വാക്കുകൾ കുഞ്ഞാലിക്കുട്ടിയ്ക്കുള്ള താക്കീത് കൂടിയായി മാറി.

കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെ ഏതെങ്കിലും അർത്ഥത്തിലുള്ള സംഘടനാ നടപടി ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ വിശദീകരണം തൃപ്തികരമായതിനാൽ നടപടിയെടുക്കുന്നില്ല എന്ന ഹൈദരലി തങ്ങളുടെ വാക്കുകളിൽ അപ്രതീക്ഷിതമായ ഒന്നുമില്ല. പക്ഷേ വിശദീകരണം ചോദിച്ചുവെന്നതിനെ കുഞ്ഞാലിക്കുട്ടിയ്ക്കുള്ള ഏറ്റവും വലിയ നടപടിയായാണ് ലീഗ് അണികളും നേതാക്കളും വിലയിരുത്തുന്നത്. പാർട്ടിയുടെ ഉത്തമ താൽപര്യം പരിഗണിച്ച് വിവാദം അവസാനിപ്പിക്കുന്നു. മേലിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കണം. തുടങ്ങിയ ഹൈദരലി തങ്ങളുടെ പ്രസ്താവനയിലെ വാക്കുകൾക്ക് താക്കീതിന്റെ സ്വരം കൂടി കൈവരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. പാർട്ടിയ്ക്കുള്ളിൽ കൂടുതൽ ചർച്ചയിലേക്ക് പോയാൽ രണ്ട് ചേരിയായി മാറാനുള്ള സാധ്യതകളും നേതൃത്വം മുൻകൂട്ടി കണ്ടു. ഇത് രാഷ്ട്രീയ എതിരാളികൾ ഉപയോഗപ്പെടുത്തിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും പ്രതിഫലിക്കാമെന്ന ഭയവും ലീഗിനുള്ളിൽ ഉയർന്നു വന്നതും മുത്തലാഖ് വിവാദത്തിൽ വിശദമായ ചർച്ച പാർട്ടിക്കുള്ളിൽ നടത്തുന്നത് ഒഴിവാക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചു.

അതേസമയം കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച വന്നതായി ബോധ്യപ്പെടുത്താൻ കഴിഞ്ഞതിലൂടെ താൻ ശക്തനായ നേതാവാണെന്ന സന്ദേശം ഹൈദരലി തങ്ങൾ നൽകുകയും ചെയ്തു. ആവശ്യമായ സമയത്ത് കൃത്യമായി ഇടപെടുന്ന പാർട്ടി അധ്യക്ഷനാണ് താനെന്ന സൂചനകളും ഇതിലടങ്ങിയിട്ടുണ്ട്. രാജ്യസഭാ സ്ഥാനാർഥി നിർണയം, വേങ്ങരയിലെ സ്ഥാനാർഥിയെ നിശ്ചയിച്ചത് തുടങ്ങിയ തിരിച്ചടികൾക്ക് പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ പാർട്ടിയിലെ അപ്രമാധിത്തം ചോദ്യം ചെയ്യുന്നതായി മാറി മുത്താലാഖ് വിവാദവുമെന്നതാണ് യാഥാർത്ഥ്യം.