LiveTV

Live

Kerala

‘കറുത്ത ഷര്‍ട്ടിട്ട് നാളെ ഒരു കല്ല്യാണത്തിന് പോകണമായിരുന്നു’; വ്യാജ വാര്‍ത്തയെ ചോദ്യം ചെയ്ത് വെെറല്‍ ഓഡിയോ

വ്യാജ വാര്‍ത്തക്ക് പിറകെ വിശദീകരണവുമായി സലിം കുമാര്‍ തന്നെ രംഗത്ത് വരികയായും ചെയ്തിരുന്നു

‘കറുത്ത ഷര്‍ട്ടിട്ട് നാളെ ഒരു കല്ല്യാണത്തിന് പോകണമായിരുന്നു’; വ്യാജ വാര്‍ത്തയെ ചോദ്യം ചെയ്ത് വെെറല്‍ ഓഡിയോ

വര്‍ക്കല കോളേജില്‍ അല്‍ഖ്വയ്ദ സാന്നിധ്യമുണ്ടെന്ന ജനം ടി.വിയുടെ വ്യാജ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് യുവാവിന്റെ വൈറല്‍ ഓഡിയോ. വര്‍ക്കല ചാവര്‍കോട് ഹാജി സി.എച്ച്.എം.എം കോളേജിലെ ആന്വല്‍ഡേ ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ കറുപ്പ് വസ്ത്രം ധരിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഐസിസും അല്‍ഖ്വയ്ദയുമെല്ലാം കടന്നു വന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് പ്രമോദ് മോഹന്‍ തകഴി എന്ന വ്യക്തി ചാനല്‍ ഓഫീസിലേക്ക് വിളിച്ച കോളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘കറുത്ത ഷര്‍ട്ടിട്ട് നാളെ ഒരു കല്ല്യാണത്തിന് പോകണമായിരുന്നു’; വ്യാജ വാര്‍ത്തയെ ചോദ്യം ചെയ്ത് വെെറല്‍ ഓഡിയോ

കൊട്ടാരക്കരയില്‍ നാളെ തനിക്കൊരു കല്ല്യാണമുണ്ടെന്ന് പറഞ്ഞാണ് കോള്‍ തുടങ്ങുന്നത്. ഇത് ചാനല്‍ സ്റ്റുഡിയോവിലേക്കാണ് വിളിച്ചിരിക്കുന്നതെന്ന് മറുപടി വന്നപ്പോള്‍, കല്ല്യാണത്തിന് കറുത്ത ഷര്‍ട്ടിട്ട് പോകാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും, തന്നെ അബദ്ധത്തിലെങ്ങാനും തീവ്രവാദിയാക്കാതിരിക്കാന്‍ നിങ്ങളെ കാര്യം അറിയിച്ചിട്ട് പോകാമെന്ന് കരുതിയതാണെന്നും പറഞ്ഞു. ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ ആരങ്കിലും കൊട്ടാരക്കരയില്‍ ഉണ്ടങ്കില്‍ ഈ വിവരമൊന്ന് അറിയിക്കണമെന്നും പറഞ്ഞ പ്രമോദ് മോഹന്‍, തന്റെ ‘സുരക്ഷ’ ഉറപ്പു വരുത്തുകയും ചെയ്തു.

2018 മാര്‍ച്ച് മാസം കോളേജില്‍ നടന്ന ഒരു ആഘോഷ പരിപാടിയുടെ ഭാഗമായാണ് ചാനലിന്റെ തീവ്രവാദ റിപ്പോര്‍ട്ട് വരുന്നത്. സിനിമ താരമായ സലിം കുമാര്‍ മുഖ്യാഥിതിയായി വന്ന പരിപാടിയില്‍ കറുത്ത നിറം ഡ്രസ് കോഡായതിനാല്‍ താരമടക്കം കറുപ്പ് വസ്ത്രം അണിഞ്ഞെത്തുകയായിരുന്നു. ചാനലിന്റെ വ്യാജ വാര്‍ത്തക്ക് പിറകെ വിശദീകരണവുമായി താരം തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. ആന്വല്‍ ഡേയോടനുബന്ധിച്ചുള്ള ആഹ്ലാദ പ്രകടനമാണ് ചാനല്‍ തെറ്റായി പ്രചരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുതകള്‍ പുറത്തു വന്നതോടെ വലിയ വിമര്‍ശനമാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉയര്‍ന്നത്.