LiveTV

Live

Kerala

വാഴക്കാട് പഞ്ചായത്തില്‍ വനിതാ മതിലിനെതിരായി ലീഗ് നൽകിയ പ്രമേയം കാണാനില്ലെന്ന് ആരോപണം

യൂത്ത് കോൺഗ്രസ് നേതാവും വാഴക്കാട് ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റുമായ ജൈസൽ പ്രമേയം മുക്കി എന്നാണ് മുസ്‌ലീംലീഗ് ആരോപണം. 

വാഴക്കാട് പഞ്ചായത്തില്‍ വനിതാ മതിലിനെതിരായി ലീഗ് നൽകിയ പ്രമേയം കാണാനില്ലെന്ന് ആരോപണം

മലപ്പുറം വാഴക്കാട് പഞ്ചായത്തില്‍ വനിതാ മതിലിനെതിരായി മുസ്‌ലിം ലീഗ് നൽകിയ പ്രമേയം കാണാനില്ലെന്ന് ആരോപണം. യൂത്ത് കോൺഗ്രസ് നേതാവും വാഴക്കാട് ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റുമായ ജൈസൽ പ്രമേയം മുക്കി എന്നാണ് മുസ്‌ലീംലീഗ് ആരോപണം. പ്രമേയം കാണാതായത് ബോര്‍ഡ് യോഗത്തില്‍ തര്‍ക്കത്തിനും കാരണമായി.

ഈ മാസം 18 ന് നടന്ന പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ ലീഗ് അവതരിപ്പിച്ച വനിതാ മതിലിന് എതിരെയുള്ള പ്രമേയം പ്രസിഡന്റ് എം. ഹാജറ ടീച്ചറുടെ രാജിയിലാണ് കലാശിച്ചത്. കോൺഗ്രസും സി.പി.എം സംയുക്തമായാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. എന്നാല്‍ വനിതാമതിലിനെതിരെ ലീഗ് നല്‍കിയ പ്രമേയത്തെ കോണ്‍ഗ്രസ് മെമ്പര്‍മാരും പിന്തുണച്ചിരുന്നു. ഈ പ്രമേയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ അജണ്ടയിൽ ഉൾപ്പെടുത്തി. എന്നാല്‍ അജണ്ട ചർച്ചക്കെടുത്തപ്പോൾ പ്രമേയം കാണാനില്ലെന്ന് പറഞ്ഞ് ചർച്ച നിരസിച്ചു. പ്രമേയം കഴിഞ്ഞ ബോർഡിൽ ചെയറിലുള്ള ജൈസൽ എളമരത്തെ ഏൽപ്പിച്ചതാണെന്നും ഇത് മുക്കിയതാണന്നും ലീഗ് മെമ്പർമാർ ആരോപിച്ചു. പ്രമേയം സെക്രട്ടറിയുടെ അടുത്ത് ഉണ്ടോ എന്ന് ഉറപ്പ് വരുത്താത്തത് ലീഗ് മെമ്പർമാരുടെ പോരായ്മയാണന്നാണ് ആക്ടിങ്ങ് പ്രസിഡന്റ് ജൈസലിന്റെ വാദം.