LiveTV

Live

Kerala

മുത്തലാഖ് വിവാദം; കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ലീഗ് ചര്‍ച്ച ചെയ്യും

കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ചാലുടന്‍ ഇതിനായി യോഗം വിളിക്കും. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനും ലീഗ് തീരുമാനിച്ചു.

മുത്തലാഖ് വിവാദം; കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ലീഗ് ചര്‍ച്ച ചെയ്യും

മുത്തലാഖ് ബില്‍ പാസാക്കിയ ദിവസം മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലെത്താതിരുന്നത് പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ചാലുടന്‍ ഇതിനായി യോഗം വിളിക്കും. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനും ലീഗ് തീരുമാനിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ ഇതുവരെയുള്ള വിശദീകരണത്തില്‍ പാര്‍ട്ടി ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ ഹൈദരലി തങ്ങളടക്കമുള്ളവര്‍ തൃപ്തരല്ല. കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് നേതാക്കളുടെ നിലപാട്. ഇത് പാര്‍ട്ടിക്ക് സൃഷ്ടിച്ച കോട്ടത്തെ മറികടക്കാന്‍ കുഞ്ഞാലിക്കുട്ടി വിദേശത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനും ആയിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം കൂടി ലഭിച്ച ശേഷം സംസ്ഥാന ഘടകത്തിലടക്കം ചര്‍ച്ച ചെയ്യാനുള്ള തീരുമാനം.

വിശദീകരണം ഹൈദരലി തങ്ങള്‍ക്ക് നല്‍കിയെന്നാണ് ഇന്നലെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാല്‍ വിശദീകരണം ലഭിച്ചിട്ടില്ലെന്ന നിലപാടും ഇന്ന് ഹൈദരലി തങ്ങള്‍ സ്വീകരിച്ചു. ഇതോടെ കുഞ്ഞാലികുട്ടി ടെലിഫോണ്‍ വഴി നടത്തിയ വിശദീകരണം പോരെന്ന സൂചന കൂടിയായി ഹൈദരലി തങ്ങളുടെ വാക്കുകള്‍ മാറി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ ബില്ലിനെതിരെ വോട്ട് ചെയ്യണമെന്ന നിര്‍ദേശം പി.വി അബ്ദുല്‍ വഹാബിന് പാര്‍ട്ടി നല്‍കി. വിവാദങ്ങളില്‍ കുഞ്ഞാലിക്കുട്ടിയും കടുത്ത അസ്വസ്ഥനാണ്. വിശദീകരണം ചോദിച്ചത് പരസ്യമാക്കിയതിന് പുറമേ സംസ്ഥാന നേതൃത്വം കാര്യമായ പിന്തുണ നല്‍കാത്തതും കുഞ്ഞാലിക്കുട്ടിയെ കുഴക്കുന്നു.