LiveTV

Live

Kerala

മലങ്കരസഭ പള്ളിത്തര്‍ക്കം: സമവായസാധ്യതകള്‍ തള്ളി ഓര്‍ത്തഡോക്സ് വിഭാഗം

ഇന്നലെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ വീട്ടില്‍ നടന്നത് സമവായ ചര്‍ച്ചയല്ലെന്നും പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയാണെന്നും ഓര്‍ത്തഡോക്സ് സഭ നേതൃത്വം വ്യക്തമാക്കി.

മലങ്കരസഭ പള്ളിത്തര്‍ക്കം: സമവായസാധ്യതകള്‍ തള്ളി ഓര്‍ത്തഡോക്സ്  വിഭാഗം

മലങ്കരസഭ പള്ളിത്തര്‍ക്കത്തിൽ സമവായസാധ്യതകള്‍ തള്ളി ഓര്‍ത്തഡോക്സ് വിഭാഗം. ഇന്നലെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ വീട്ടില്‍ നടന്നത് സമവായ ചര്‍ച്ചയല്ലെന്നും പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയാണെന്നും ഓര്‍ത്തഡോക്സ് സഭ നേതൃത്വം വ്യക്തമാക്കി. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നായിരുന്നു യാക്കോബായ സഭ നേതൃത്വത്തിന്റെ പ്രതികരണം.

യാക്കോബായ സഭയിൽ നിന്നും ജോസഫ് മാർ ഗ്രിഗോറിയസ്, കുര്യാക്കോസ് മാർ തിയോഫിലോസ് എന്നിവരും ഓർത്തഡോക്സ് വിഭാഗത്തിൽ നിന്ന് തോമസ് മാർ അത്താനിയോസ് മെത്രാപ്പോലീത്തയുമാണ് ഇന്നലെ രാത്രിയില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ വസതിയില്‍ ഒന്നിച്ചിരുന്നത്. പള്ളിത്തര്‍ക്കം പരിഹരിക്കാനുള്ള സമവായശ്രമത്തിന്റെ ഭാഗമായാണ് ഇരുവിഭാഗം നേതൃത്വങ്ങളെയും ഒരുമിച്ചിരുത്താനുള്ള ശ്രമം നടന്നത്.

എന്നാല്‍ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട സ്വകാര്യകൂടിക്കാഴ്ചയാണ് നടന്നതെന്നും ആ സമയത്ത് അവിടെയുണ്ടായിരുന്ന യാക്കോബായ നേതൃത്വം ഒത്തുതീര്‍പ്പിനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത തോമസ് മാര്‍ അത്താനിയോസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. തെറ്റിദ്ധാരണപരമായ വാര്‍ത്തകള്‍ മറുവിഭാഗം മനപൂര്‍വ്വം പുറത്ത് വിട്ടുവെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം.

കൂടിക്കാഴ്ചക്ക് ശേഷം ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് യാക്കോബായ വിഭാഗം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഹായം തേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് ഓര്‍ത്തഡോക്സ് സഭയുടെ തീരുമാനം. പിറവം, കോതമംഗലം പള്ളിത്തര്‍ക്കത്തിൽ ഇരുവിഭാഗവും തമ്മിലുള്ള തർക്കം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

പിറവം, കോതമംഗലം പളളികളിൽ ഓർത്തഡോക്സ് സഭക്കനുകൂലമായായിരുന്നു കോടതി വിധികൾ. സർക്കാർ ഇടപെട്ട് സമവായ ചർച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് യാക്കോബായ വിഭാഗം.