LiveTV

Live

Kerala

കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യത്തിന് പിന്നാലെ ലോക്സഭയിലെ അംഗങ്ങളുടെ ഹാജര്‍ നിലയും ലീഗില്‍ ചര്‍ച്ചയാകുന്നു

സോഷ്യല്‍ മീഡിയയില്‍ ലീഗ് അണികള്‍ തന്നെയാണ് ഇത് ഉയര്‍ത്തി കൊണ്ടു വന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില മിക്കവാറും സെഷനുകളില്‍ 50 ശതമാനത്തില്‍ താഴെയാണ്. 

 കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യത്തിന് പിന്നാലെ ലോക്സഭയിലെ അംഗങ്ങളുടെ ഹാജര്‍ നിലയും ലീഗില്‍ ചര്‍ച്ചയാകുന്നു

മുത്തലാഖ് വോട്ടെടുപ്പ് ദിവസത്തെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യത്തിന് പിന്നാലെ ലോക്സഭയിലെ അംഗങ്ങളുടെ ഹാജര്‍ നിലയും ലീഗില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ലീഗ് അണികള്‍ തന്നെയാണ് ഇത് ഉയര്‍ത്തി കൊണ്ടു വന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില മിക്കവാറും സെഷനുകളില്‍ 50 ശതമാനത്തില്‍ താഴെയാണ്.

പാതി ദിനം പോലും ലോക്സഭയില്‍ ഹാജരാകാത്ത അങ്ങയെ എങ്ങനെ ന്യായീകരിക്കുമെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ കത്തെഴുതിയ യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റിന്റെ ചോദ്യം. മാപ്പര്‍ഹിക്കാത്ത തെറ്റാണ് താങ്കള്‍ ചെയ്തതെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും പദവി ഒഴിയാനും ആവശ്യപ്പെടുന്ന കത്ത് പിന്നീട് ഫേസ് ബുക്കില്‍ നിന്ന് പിന്‍വലിക്കപ്പെട്ടെങ്കിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകള്‍ വഴിവെച്ചു. പി.കെ കുഞ്ഞാലിക്കു ട്ടിയുടെ ഹാജര്‍ നില ലോക്സഭയുടെ വെബ് സൈറ്റില്‍ പരിശോധിക്കുമ്പോള്‍ ഹാജര്‍ നില സംബന്ധിച്ച ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്നതാണ്. ഈ സെഷനില്‍ ആദ്യ എട്ട് ദിവസത്തെ കണക്കുകളില്‍ പകുതി ദിവസവും കുഞ്ഞാലികുട്ടി സഭയില്‍ 'എത്തിയിട്ടില്ല. ഈ എട്ട് ദിനങ്ങളില്‍ ശശിതരൂരും മുല്ലപ്പള്ളിയും ഇന്നസെന്റും ജോയിസ് ജോര്‍ജ്ജിനും മുഴുവന്‍ ഹാജരും ഉണ്ട്.

കുഞ്ഞാലിക്കുട്ടി ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയ ശേഷമുള്ള 2017 ജൂലൈയിലെ ആദ്യ സമ്മേളന കാലയളവിലും ഹാജരായ ദിവസത്തെക്കാള്‍ കൂടുതലാണ് ഹാജരാകാത്ത ദിവസങ്ങള്‍. പിന്നീടുള്ള മുന്ന് സെഷനുകളിലും ഏതാണ്ട് സമാനമാണ് അവസ്ഥ. ഇതില്‍ ഒരു സെഷനില്‍ മാത്രമാണ് 50 ശതമാനത്തിന് മുകളില്‍ കുഞ്ഞാലിക്കുട്ടിക്ക് ഹാജരുള്ളത്. അതേ സമയം ഈ കാലയളവിലെല്ലാം ലീഗിന്റെ മറ്റൊരു അംഗമായ ഇ.ടി മുഹമ്മദ് ബഷീറിന് മികച്ച ഹാജര്‍ നില ഉണ്ട് താനും. ഇതെല്ലാം ലീഗിലെ മുത്തലാഖ് വിവാദ ചര്‍ച്ചകളെ കൂടുതല്‍ ചൂട് പിടിപ്പിക്കുന്നതാണ് .