LiveTV

Live

Kerala

കണ്ണൂരില്‍ മാവോയിസ്റ്റ് സംഘത്തിനായി പരിശോധന തുടരുന്നു

കൊട്ടിയൂര്‍ ഫോറസ്റ്റ് ഡിവിഷനും വയനാട് ജില്ലയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മക്കിമല വനത്തിലാണ് രാവിലെ സംഘം പരിശോധന നടത്തിയത്.

കണ്ണൂരില്‍ മാവോയിസ്റ്റ് സംഘത്തിനായി പരിശോധന തുടരുന്നു

കണ്ണൂര്‍ കേളകം അമ്പായത്തോട്ടിലെത്തിയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താന്‍ പോലീസും തണ്ടര്‍ ബോള്‍ട്ടും ചേര്‍ന്ന് നടത്തുന്ന പരിശോധന തുടരുന്നു. കൊട്ടിയൂര്‍ ഫോറസ്റ്റ് ഡിവിഷനും വയനാട് അതിര്‍ത്തിയും പങ്കിടുന്ന വനമേഖലയിലാണ് തെരച്ചില്‍ നടക്കുന്നത്. ഇന്നലെ അമ്പായത്തോട്ടിലെത്തിയ നാലംഗ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘവും തണ്ടര്‍ ബോള്‍ട്ടും ചേര്‍ന്നാണ് വന മേഖലയില്‍ ഇന്ന് രാവിലെ മുതല്‍ പരിശോധന നടത്തുന്നത്. കൊട്ടിയൂര്‍ ഫോറസ്റ്റ് ഡിവിഷനും വയനാട് ജില്ലയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മക്കിമല വനത്തിലാണ് രാവിലെ സംഘം പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ട് 6.40ഓടെയാണ് ഒരു വനിത ഉള്‍പ്പെടുന്ന നാലംഗ സായുധ മാവോയിസ്റ്റ് സംഘം അമ്പായത്തോട് ടൌണില്‍ പ്രകടനം നടത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത്.

അഞ്ച് മിനിട്ടോളം ടൌണില്‍ ചെലവഴിച്ച സംഘം സ്ഥലത്തെ ഒരു കടയില്‍ നിന്നും വീട്ടു സാധനങ്ങളും വാങ്ങിയാണ് മടങ്ങിയത്. മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുളള സംഘമാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രാമു, കവിത എന്നിവരെയും തിരിച്ചറിഞ്ഞതായാണ് പോലീസ് നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം വയനാട് പേര്യയിലെത്തിയതും ഇതേ സംഘമാണന്നാണ് പോലീസിന്റെ നിഗമനം.