LiveTV

Live

Kerala

അട്ടപ്പാടിയിലെ ശിശുമരണം; അതീവശ്രദ്ധ വേണമെന്ന് വികസന സമിതി

അട്ടപ്പാടിയിലെ ശിശുമരണം; അതീവശ്രദ്ധ വേണമെന്ന് വികസന സമിതി

ശിശു മരണം നടന്ന അട്ടപ്പാടിയിൽ ഡോക്ടർമാർ ജോലിയിൽ വീഴ്ചവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പാലക്കാട് ജില്ലാ ഭരണകൂടം. ജില്ലാ വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശിശുമരണം ഉണ്ടായ സാഹചര്യത്തിൽ അട്ടപ്പാടി മേഖലയിൽ അതീവ ശ്രദ്ധ വേണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

അട്ടപ്പാടിയില്‍ ഗൈനക്കോളജിസ്റ്റുകളുടെ അഭാവമുണ്ടെന്ന് ജില്ലാ വികസന സമിതി വിലയിരുത്തി. ഈ സാഹചര്യത്തിൽ ഗൈനക്കോളജിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചു. ഡോക്ടര്‍മാര്‍ ലീവില്‍ പോകുന്ന മുറയ്ക്ക് ബന്ധപ്പെട്ട ഓഫീസില്‍ അറിയിക്കണമെന്നും ജോലിയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ പറഞ്ഞു. ഈ വർഷം ആദിവാസി വിഭാഗത്തിലെ 13 നവജാത ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്. ആവർത്തിക്കുന്ന ശിശു മരണങ്ങളിൽ പ്രതിഷേധിച്ച് മുള്ളി ഊരിൽ നിന്നുള്ളവർ കഴിഞ്ഞ മാസം കോട്ടത്തറ ട്രൈബൽ ആശുപത്രി ഉപരോധിച്ചിരുന്നു. ആരോഗ്യ മന്ത്രി അട്ടപ്പാടി സന്ദർശിക്കാനിരിക്കെയാണ് ജില്ലാ വികസന സമിതി വിഷയം പരിഗണിച്ചത്.