മുത്തലാഖ് ബില്‍ വിവാദം: വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി
വിവാദങ്ങള്‍ തത്പരകക്ഷികളുടെ കുപ്രചാരണമാണെന്ന് കുഞ്ഞാലിക്കുട്ടി

മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായ ദിവസം പാര്‍ലമെന്റില്‍ എത്താതിരുന്നത് സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി. തനിക്കെതിരെ നടക്കുന്നത് കുപ്രചാരണമാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. വിവാദങ്ങള്‍ തത്പരകക്ഷികളുടെ കുപ്രചാരണമാണെന്ന് അദ്ദേഹം ആരോപിച്ചു.

മുത്തലാഖ് ചര്‍ച്ചക്ക് ശേഷം വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് ആദ്യം തീരുമാനിച്ചത്. വോട്ടെടുപ്പില്‍ പങ്കെടുത്തത് പെട്ടെന്നെടുത്ത തീരുമാന പ്രകാരമാണ്. ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ തീരുമാനിച്ചത് തന്നോട് ആലോചിച്ച ശേഷമാണ്. പാര്‍ലമെന്റില്‍ എത്താതിരുന്നത് ചില അത്യാവശ്യങ്ങളുണ്ടായതുകൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായ ദിവസം പി.കെ കുഞ്ഞാലികുട്ടി പാര്‍ലമെന്റില്‍ എത്താതിരുന്നത് മുസ്ലിം ലീഗിനെ വെട്ടിലാക്കിയതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനാകാതെ ലീഗ് നേതാക്കള്‍ കുഴങ്ങിയപ്പോള്‍ മന്ത്രി കെ.ടി ജലീലടക്കമുള്ളവര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. മുസ്ലിം സമുദായത്തോട് ലീഗ് കടുത്ത അപരാധം ചെയ്തുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കെ.ടി ജലീല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവരെ പാര്‍ലമെന്റിലേക്ക് അയക്കരുതെന്ന് ലീഗിനെ പരിഹസിക്കുകയും ചെയ്തു.
നിര്‍ണായക ദിവസം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുടെ പാര്‍ലമെന്റിലെ അസാന്നിധ്യം രാഷ്ട്രീയമായി തിരിച്ചടികള്‍ക്ക് വഴിവെക്കുമോയെന്ന കടുത്ത ആശങ്ക പല ലീഗ് നേതാക്കള്‍ക്കും ഉണ്ട്.
Adjust Story Font
16