LiveTV

Live

Kerala

മലപ്പുറത്ത് വിവാദ ക്വാറി പ്രവര്‍ത്തിക്കുന്നത് ആദിവാസികൾക്ക് പതിച്ച് നൽകിയ ഭൂമിയില്‍

ഫോറസ്റ്റ് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത് 

മലപ്പുറത്ത് വിവാദ ക്വാറി പ്രവര്‍ത്തിക്കുന്നത് ആദിവാസികൾക്ക് പതിച്ച് നൽകിയ ഭൂമിയില്‍

മലപ്പുറം ഊർങ്ങാട്ടീരിയില്‍ വിവാദ ക്വാറി പ്രവര്‍ത്തിക്കുന്നത് ആദിവാസികൾക്ക് പതിച്ച് നൽകിയ ഭൂമിയില്‍. ഫോറസ്റ്റ് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഫോറസ്റ്റ് വിജിലൻസിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന .

ഊർങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറ ബ്രിക്സ് ആൻഡ് മെറ്റൽസ് ക്വാറിയാണ് ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. ക്വാറിക്കെതിരെ നാട്ടുകാർ ഫോറസ്റ്റ് വിജിലൻസിൽ നൽകിയ പരാതിയെ തുടര്‍ന്ന് വനംവകുപ്പിന്‍റെ പരിശോധനയിലാണ് കയ്യേറ്റം വ്യക്തമായത്. ഈന്തുമ്പാലി ആദിവാസി കോളനിക്ക് വേണ്ടി പതിച്ചു നല്‍കിയ ഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായതായി സർവേ ഓഫീസർ പറഞ്ഞു.

തുടർ നടപടികൾക്കായി ഡി.എഫ്.ഒക്ക് റിപ്പോർട്ട് സമർപ്പിക്കും .കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും ക്വാറി ഉടമ കോടതിയിൽ പോയി സമയം നീട്ടി വാങ്ങിക്കുകയായിരുന്നു.സംഭവം വനം വകുപ്പിന്റെ കൂടി വീഴ്ചയാണെന്നാണ് ആക്ഷേപം. പ്രകൃതി ദുര്‍ബല പ്രദേശമായ ഇവിടെ നേരത്തെ ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് ഫോറസ്റ്റ് വിജിലന്‍സില്‍ പരാതി നല്‍കുന്നതും പരിശോധന നടന്നതും.