LiveTV

Live

Kerala

ബംഗളൂരു സ്വര്‍ണ്ണക്കടത്ത് കേസ്; കൂടുതല്‍ മലയാളികള്‍ പ്രതികളാവും

ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്ത കൊടുവള്ളി സ്വദേശി സി.കെ ജലീലിന് ബംഗളൂരു സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ നിര്‍ണായക പങ്കെന്ന് സൂചന. 

ബംഗളൂരു സ്വര്‍ണ്ണക്കടത്ത് കേസ്; കൂടുതല്‍ മലയാളികള്‍ പ്രതികളാവും

ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്ത കൊടുവള്ളി സ്വദേശി സി.കെ ജലീലിന് ബംഗളൂരു സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ നിര്‍ണായക പങ്കെന്ന് സൂചന. വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ കാരിയര്‍ മുനീര്‍ നല്‍കിയ മൊഴിയില്‍ ജലീലിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നു. മൊഴി പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. കൂടുതല്‍ മലയാളികള്‍ കേസില്‍ അറസ്റ്റിലാകാനുണ്ടെന്നാണ് ഡി.ആര്‍.ഐ നല്‍കുന്ന വിവരം.

സെപ്തംബറിലാണ് ബംഗളൂരു വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ നടത്തിയ റെയ്ഡില്‍ 12 കിലോ സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥനടക്കം 15 പേര്‍ ഇതുവരെ പിടിയിലായി. ഇതില്‍ 10 മലയാളികള്‍. കോഴിക്കോട് കൊടുവള്ളിയുമായി ബന്ധമുള്ളവരാണ് മലയാളികള്‍ മുഴുവന്‍. തുടര്‍ന്ന് ഡി.ആര്‍.ഐ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വര്‍ണവുമായി ബംഗളൂരു സാറ്റ് ലൈറ്റ് ടെര്‍മിനലില്‍ നിന്ന് പിടിയിലായ മുനീര്‍ സ്വര്‍ണക്കട ഉടമ കൂടിയായ ജലീലിന്റെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

കൊടുവള്ളി സ്വദേശി അജുവിന്റെ നേതൃത്വത്തിലാണ് സംഘമെന്നും മുനീറിന്റെ മൊഴിയിലുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ബംഗളൂരുവില്‍ ജലീലിനെ എത്തിച്ചു. ജലീലടങ്ങുന്ന സംഘത്തിന് ചില രാഷ്ട്രീയ ബന്ധങ്ങളുള്ളതായും സൂചനയുണ്ട്. മുന്‍പ് സ്വര്‍ണ കടത്ത് കേസുകളില്‍ പ്രതിയായ ടി.എ സുഫിയാനെന്ന കൊടുവള്ളി സ്വദേശിക്കും ബംഗളൂരു കള്ളക്കടത്തില്‍ പങ്കാളിത്തം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിരുന്നു. ജലീലിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഡി.ആര്‍.ഐയുടെ പ്രതീക്ഷ.