LiveTV

Live

Kerala

കന്യാസ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം 

ഒരു വര്‍ഷം നീണ്ട് നിന്ന വിചാരണ നടപടികള്‍ക്ക് ഒടുവിലാണ് പാല അഡീഷണല്‍ സെഷന്സ് കോടതി വിധി പറഞ്ഞത്

കന്യാസ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം 

പാല കര്‍മ്മലീത്ത മഠത്തിലെ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. പാല അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കൊലപാതകം, ബലാത്സംഗം അടക്കം നാല് കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴ കൊടുക്കാനും കോടതി ഉത്തരവിട്ടു.

ഒരു വര്‍ഷം നീണ്ട് നിന്ന വിചാരണ നടപടികള്‍ക്ക് ഒടുവിലാണ് പാല അഡീഷണല്‍ സെഷന്സ് കോടതി വിധി പറഞ്ഞത്. കൊലപാതകത്തിന് ജീവപര്യന്തവും ബലാത്സംഗത്തിന് പത്ത് വര്‍ഷവും ഭവനഭേദനത്തിന് ഒന്‍പത് വര്‍ഷവും അതിക്രമിച്ച് കടക്കലിന് ഏഴ് വര്‍ഷവും പ്രതി ജയില്‍വാസം അനുഭവിക്കണം. എല്ലാ ശിക്ഷകള്‍ക്കും കൂട്ടി രണ്ട് ലക്ഷത്തിപത്തിനായിരം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴയടക്കില്ലെങ്കില്‍ ആറ് വര്‍ഷവും ഒമ്പത് മാസവും അധികം ജയില്‍ വാസം അനുഭവിക്കണം.

അതേസമയം വിധിക്കെതിരെ മേല്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു. 2015 സെപ്തംബർ 17ന് പുലർച്ചെയാണ് പാല കര്‍മ്മലീത്ത കോൺവെന്റിലെ മൂന്നാം നിലയിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ സിറ്റര്‍ അമലയെ കണ്ടെത്തിയത്.