LiveTV

Live

Kerala

കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും.

കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു

കോഴിക്കോട് എരഞ്ഞിപ്പാലത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. എരഞ്ഞിപ്പാലം ജംഗ്ഷനിലെ 30 മീറ്റര്‍ റോഡ് തകര്‍ന്നു. നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. ജലവിതരണം പുനസ്ഥാപിക്കാന്‍ രണ്ട് ദിവസത്തിലധികം എടുക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. നഗരത്തില്‍ ഗതാഗതകുരുക്കും രൂക്ഷമായി.

ഇന്ന് പുലര്‍ച്ചെയാണ് മലാപറമ്പില്‍ നിന്നും നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ പൊട്ടിയത്. വെള്ളം കുത്തിയൊലിച്ചതോടെ ദേശീയപാതയില്‍ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിനോട് ചേര്‍ന്ന് 30 മീറ്ററിലധികം റോഡ് തകര്‍ന്നു. 60 വര്‍ഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. റോഡ് പൊളിച്ച് പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്തിയാല്‍ മാത്രമേ അറ്റകുറ്റപണികള്‍ ആരംഭിക്കൂ. ഇതിനായി രണ്ട് ദിവസത്തിലധികം എടുക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.

മാവൂര്‍ റോഡ്, നടക്കാവ്, ജാഫര്‍ഖാന്‍കോളനി, ബീച്ച്, വെസ്റ്റ് ഹില്‍ തുടങ്ങി വിവിധ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ബീച്ച് ജനറല്‍ ആശുപത്രിയുള്‍പ്പെടെ വിവിധ ആശുപത്രികളേയും ഇത് ബാധിക്കും. പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലും വെള്ളം കയറിയിരുന്നു. വിവിധ ടെലകോം കമ്പനികളുടെ കേബിളുകളും ഇതുവഴി കടന്ന് പോകുന്നുണ്ട്.