LiveTV

Live

Kerala

തോമസ് പോൾ റമ്പാനെ കസ്റ്റഡിയിലെടുത്തു

പള്ളിയിൽ പ്രവേശിക്കാൻ അനുവാദം നൽകിയ കോടതി വിധി നടപ്പിലാക്കാതെ തിരിച്ച് പോകില്ലെന്ന ഉറച്ച നിലപാടിയിരുന്നു തോമസ് പോൾ റമ്പാൻ

തോമസ് പോൾ റമ്പാനെ കസ്റ്റഡിയിലെടുത്തു

കോതമംഗലം പള്ളി തർക്കത്തിൽ കോടതി വിധിയെ തുടർന്ന് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗം വൈദികൻ തോമസ് പോൾ റമ്പാനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. 26 മണിക്കൂറാണ് റമ്പാൻ പള്ളിക്ക് പുറത്ത് കാറിൽ കഴിഞ്ഞത്. ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരുന്നു.

പള്ളിയിൽ പ്രവേശിക്കാൻ അനുവാദം നൽകിയ കോടതി വിധി നടപ്പിലാക്കാതെ തിരിച്ച് പോകില്ലെന്ന ഉറച്ച നിലപാടിയിരുന്നു തോമസ് പോൾ റമ്പാൻ. എൽദോസ് കുന്നപ്പള്ളി എം.എൽ.എ അടക്കമുള്ളവർ ചർച്ച നടത്തിയെങ്കിലും റമ്പാൻ വഴങ്ങിയില്ല. ഉച്ചക്ക് ശേഷം ഡോക്ടർമാരെത്തി ആരോഗ്യനില പരിശോധിച്ചു. തൃപ്തികരമല്ലെന്ന് പൊലീസിന് റിപ്പോർട്ട് നൽകി. പ്രാഥമിക കാര്യങ്ങൾ നിറവേറ്റുന്നതിന് പോലും കഴിയാത്ത അവസ്ഥയായതിനാൽ ജില്ലാ കളക്ടറോട് ആലോചിച്ച ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.

കോടതി വിധി നടപ്പിലാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കാട്ടി മേൽക്കോടതിയെ സമീപിക്കാനാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ തീരുമാനം. ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കികൊണ്ട് മൂവാറ്റുപുഴ മുന്‍സിഫ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 1934ലെ മലങ്കരസഭ ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി പൊലീസ് സംരക്ഷണം നല്‍കണമെന്നുമായിരുന്നു കോടതി ഉത്തരവ്.