LiveTV

Live

Kerala

വനിതാമതിലിനെതിരായ എന്‍.എസ്.എസ് നീക്കം ചരിത്രപരമായ തലകുത്തി വീഴ്ചയെന്ന് കോടിയേരി

ആര്‍.എസ്.എസിന്‍റെ വര്‍ഗീയ സമരങ്ങള്‍ക്ക് തീപകരാനുളള നടപടിയാണ് സുകുമാരന്‍ നായരില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് കോടിയേരി

 വനിതാമതിലിനെതിരായ എന്‍.എസ്.എസ് നീക്കം ചരിത്രപരമായ തലകുത്തി വീഴ്ചയെന്ന് കോടിയേരി

വനിതാമതില്‍ വിവാദത്തില്‍ എന്‍.എസ്.എസ് നേതൃത്വത്തിനെതിരായ വിമര്‍ശനം കടുപ്പിച്ച് സി.പി.എം. വനിതാമതിലിൽ വിള്ളൽ വീഴ്ത്താനുള്ള ആർ.എസ്.എസ് ശ്രമത്തിന് കൂട്ടുനിൽക്കുന്ന എൻ.എസ്.എസിന്‍റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണെന്ന് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ആർ.എസ്.എസിന്‍റെ വർഗീയസമരങ്ങൾക്ക് തീ പകരാനുള്ള നടപടിയാണ് സുകുമാരന്‍ നായരില്‍ നിന്നുമുണ്ടായത്. സമദൂരമെന്നത് ശരിദൂരമാക്കി കമ്യൂണിസ്റ്റ് വിരുദ്ധശക്തികളെ സഹായിക്കാനാണ് എന്‍.എസ്.എസിന്റെ നീക്കമെന്നും കോടിയേരി കുറ്റപ്പെടുത്തി.

 വനിതാമതിലിനെതിരായ എന്‍.എസ്.എസ് നീക്കം ചരിത്രപരമായ തലകുത്തി വീഴ്ചയെന്ന് കോടിയേരി

ഡിസംബര്‍ 26ന് ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത അയ്യപ്പജ്യോതി പരിപാടിയില്‍ പങ്കെടുക്കാനുള്ള സുകുമാരൻ നായരുടെ ആഹ്വാനത്തിന് പിന്നാലെയാണ് എന്‍.എസ്.എസിനെതിരായ നിലപാട് കടുപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചത്. വനിതാമതിലിൽ വിള്ളൽ വീഴും എന്നത് ചിലരുടെ ദിവാസ്വപ്നമാണ്. മതിൽ തകർക്കാൻ മുന്നിൽ നിൽക്കുന്ന ആർ.എസ്.എസിന് യു.ഡി.എഫും എൻ.എസ്.എസും ഒത്താശ ചെയ്യുകയാണെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തുന്നുണ്ട്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കടന്നാക്രമിച്ചാണ് കോടിയേരി ലേഖനം എഴുതിയിരിക്കുന്നത്.

 വനിതാമതിലിനെതിരായ എന്‍.എസ്.എസ് നീക്കം ചരിത്രപരമായ തലകുത്തി വീഴ്ചയെന്ന് കോടിയേരി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അനുഭവിക്കുമെന്നാണ് എന്‍.എസ്.എസ് നേതൃത്വം പറയുന്നത്. തെരഞ്ഞെടുപ്പുകളിൽ പുലർത്തിവന്ന സമദൂരമെന്നത് ശരിദൂരമാക്കി കമ്യൂണിസ്റ്റ് വിരുദ്ധശക്തികളെ സഹായിക്കുമെന്ന സന്ദേശമാണ് ഇതുവഴി സുകുമാരന്‍ നായര്‍ നല്‍കുന്നതെന്നും കോടിയേരി വിമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ധാർഷ്ട്യമാണെന്നത് സുകുമാരന്‍ നായരുടെ അധികപ്രസംഗമാണ്. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സമരം നയിച്ച എൻ.എസ്.എസിനെ ആർ.എസ്.എസിന്റെ തൊഴുത്തിൽ കെട്ടാനാണ് സുകുമാരന്‍നായര്‍ നോക്കുന്നതെന്ന് കോടിയേരി വീണ്ടും ആരോപിച്ചു.

അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനുള്ള സുകുമാരൻ നായരുടെ ആഹ്വാനം എൻ.എസ്.എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല. ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിന് എൻ.എസ്.എസ് നേതൃത്വം തയ്യാറാകണം. പ്രധാനമന്ത്രിയും അമിത് ഷായും തന്നെ ഏൽപ്പിച്ച പ്രധാനപ്പെട്ട മൂന്ന് ദൗത്യത്തിലൊന്ന് ഇതിനകം നിറവേറ്റിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വെളിപ്പെടുത്തിയിരുന്നു. എൻ.എസ്.എസിനെ ഹിന്ദുത്വത്തിന്റെ അറവുശാലയിൽ എത്തിച്ചുവെന്നതാണോ ഈ ദൌത്യമെന്നും കോടിയേരി ചോദിച്ചു. വനിതാമതിലുമായി ബന്ധപ്പെട്ട് കെ.സി.ബി.സിക്ക് ഉണ്ടായത് തെറ്റിദ്ധാരണയാണെന്നും കോടിയേരി വിശദീകരിച്ചു.