LiveTV

Live

Kerala

വനിത മതില്‍: ഹൈക്കോടതിയിലെ സര്‍ക്കാര്‍ സത്യവാങ്മൂലവും മുഖ്യമന്ത്രിയുടെ പ്രസ്താവനയും തമ്മിൽ വൈരുദ്ധ്യം

പുതിയതായി സര്‍ക്കാര്‍ രൂപീകരിച്ച സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പിന്‍റെ നേതൃത്വലുള്ള വലിയ പ്രചരണ പരിപാടിയാണ് വനിത മതില്‍

വനിത മതില്‍: ഹൈക്കോടതിയിലെ സര്‍ക്കാര്‍ സത്യവാങ്മൂലവും മുഖ്യമന്ത്രിയുടെ പ്രസ്താവനയും തമ്മിൽ വൈരുദ്ധ്യം

വനിത മതിലിന് സർക്കാർ പണം വിനിയോഗിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിലെ സത്യവാങ്മൂലവും മുഖ്യമന്ത്രിയുടെ പ്രസ്താവനയും തമ്മിൽ വൈരുദ്ധ്യം. സർക്കാർ ചിലവിൽ നടക്കുന്ന മറ്റ് പരിപാടികളെപ്പോലെയാണ് വനിത മതിലെന്നാണ് സത്യവാങ്മൂലത്തിലെ വിശദീകരണം. ഈ സത്യവാങ്ങ്മൂലം നിലനിൽക്കെ തന്നെയാണ് സർക്കാർ പണം പരിപാടിക്കായി ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

പുതിയതായി സര്‍ക്കാര്‍ രൂപീകരിച്ച സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പിന്‍റെ നേതൃത്വലുള്ള വലിയ പ്രചരണ പരിപാടിയാണ് വനിത മതില്‍. സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന രാജ്യാന്തരചലച്ചിത്രമേള, സംസ്ഥാനസ്കൂള്‍ കലോത്സവം, കേരളോത്സവം, നെഹ്റു ട്രോഫി ജലോത്സവം, ബിനാലെ എന്നീ പരിപാടികളെപ്പോലെയാണ് വനിത മതിലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വീശദീകരിക്കുന്നു. അതായത് സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന പരിപാടിയാണെന്ന് സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തം.

ഈ സത്യവാങ്മൂലം ഹൈക്കോടതിയില്‍ നിലനില്‍ക്കെ തന്നെയാണ് മുഖ്യമന്ത്രി അതിന് വിരുദ്ധമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. വനിത മതിലിന് സര്‍ക്കാര്‍ പണം ചെലവാക്കില്ലെന്ന് നിയമസഭയിലടക്കം പറഞ്ഞ ശേഷം പണം ചെലവാക്കി സര്‍ക്കാര്‍ നടത്തുന്ന മറ്റ് പരിപാടികള്‍ക്ക് തുല്യമാണ് വനിതമതിലെന്ന് ഹൈക്കോടതയില്‍ അറിയിച്ചതെന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. സര്‍ക്കാര്‍ പണം ചിലവഴിച്ചാല്‍ പിന്നീട് വിമര്‍ശനം ഉണ്ടാകുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി സത്യവാങ്മൂലത്തിന് വ്യത്യസ്തമായ അഭിപ്രായം പറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം ജനരോഷം ഭയന്നെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ പണം ചെലവഴിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കള്ളത്തരം കയ്യോടെ പിടികൂടിയപ്പോഴുണ്ടായ ജാള്യത മറയ്ക്കാനാണ് മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ശ്രമം. സത്യവാങ്മൂലത്തെ കുറിച്ചറിഞ്ഞില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പിടിപ്പ് കേടാണെന്നും ചെന്നിത്തല പറഞ്ഞു.