LiveTV

Live

Kerala

കോതമംഗലം പള്ളിയില്‍ സംഘര്‍ഷം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഓർത്തഡോക് വൈദികൻ തോമസ് പോള്‍ റബ്ബാന്‍ പള്ളിയിലെത്തിയത്.

കോതമംഗലം പള്ളിയില്‍ സംഘര്‍ഷം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

കോടതി വിധി പ്രകാരം കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ആരാധനക്ക് എത്തിയ ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന് പള്ളിയിൽ പ്രവേശിക്കാനായില്ല. സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിയിൽ തമ്പടിച്ച് പ്രതിഷേധിച്ചതോടെ രാവിലെ പൊലീസ് ഓർത്തഡോക്സ് വിഭാഗം വൈദികരുമായി തിരികെ പോയിരുന്നു. ഉച്ചക്ക് ഒരു മണിയോടെ പള്ളിയിലേക്ക് തിരികെയെത്തിയെങ്കിലും തോമസ് പോൾ റബ്ബാന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല.

രാവിലെ പത്തരയോടെയാണ് പൊലീസ് സംരക്ഷണത്തില്‍ ഓർത്തഡോക്സ് വിഭാഗം വൈദികൻ തോമസ് പോൾ റബാന്‍ കോതമംഗലം വലിയ പള്ളിയിലെത്തിയത്. പ്രതിഷേധവുമായി നൂറ് കണക്കിന് യാക്കോബായ സഭ വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടി. പള്ളിക്കുള്ളിലേക്ക് പ്രവേശിക്കാൻ പൊലീസ് ശ്രമിച്ചതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങി.

സ്ത്രീകളും വൈദികരുമടക്കം ഇരുപതോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. സംഘർഷത്തിന് അയവ് വരാത്തതിനെ തുടർന്ന് താൽക്കാലികമായി പിൻമാറാൻ വൈദികനോട് പൊലീസ് ആവശ്യപ്പെട്ടു. പിന്നീട് തിരികെയെത്തിയെങ്കിലും സംഘർഷാവസ്ഥക്ക് കുറവൊന്നുമുണ്ടായില്ല. വാഹനം തടഞ്ഞ് യാക്കോബായ വിഭാഗം പ്രതിരോധം തീർത്തു. മറുവിഭാഗം അന്യായമായി അവകാശം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നുമാണ് യാക്കോബായ സഭ നേതൃത്വത്തിന്റെ നിലപാട്

ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കികൊണ്ട് മൂവാറ്റുപുഴ മുന്‍സിഫ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 1934ലെ മലങ്കരസഭ ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി പൊലീസ് സംരക്ഷണം നല്‍കണമെന്നുമായിരുന്നു കോടതി ഉത്തരവ്. വിധി നടപ്പിലാക്കാത്തതിരുന്ന പൊലീസിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ഇതിനിടെ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ രംഗത്ത് വന്നു. റമ്പാനെ തടയാന്‍ ഒത്തുകൂടിയ യാക്കോബായ വിഭാഗക്കാരെ പോലീസ് സഹായിച്ചു. സര്‍ക്കാരിന്‍റെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്ന് സംശയിക്കുന്നു. കോടതിവിധി അംഗീകരിക്കില്ലെന്ന യാക്കോബായ സഭയുടെ നിലപാട് പൌരബോധത്തിന് നിരക്കാത്തതാണെന്നും ഓര്‍ത്തഡോക്സ് സഭ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.