LiveTV

Live

Kerala

ശോഭാ സുരേന്ദ്രന്‍ അറിയാന്‍;  ഇതാണ് കണ്‍കറന്റ് ലിസ്റ്റ്  

ശോഭാ സുരേന്ദ്രന്‍ അറിയാന്‍;  ഇതാണ് കണ്‍കറന്റ് ലിസ്റ്റ്    

ഇന്നലെ ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയിലായിരുന്നു ശോഭാ സുരേന്ദ്രന്റെ കൺകറന്റ് ലിസ്റ്റിനെ കുറിച്ചുള്ള അജ്ഞത സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. എന്താണ് കൺകറന്റ് ലിസ്റ്റ് എന്ന എ.എ റഹീമിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ശോഭാ സുരേന്ദ്രൻ ഫോൺ കട്ട് ചെയ്ത് ചര്‍ച്ചയില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു. ശോഭാ സുരേന്ദ്രന്റെ കൺകറന്റ് ലിസ്റ്റ് തമാശ പിന്നീട് സൈബർ ലോകം ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ചര്‍ച്ചക്ക് ശേഷം കേരളം ഏറ്റവും കൂടുതല്‍ ആഘോഷമാക്കിയ കൺകറന്റ് ലിസ്റ്റ് എന്താണ് എന്ന് പരിചയപ്പെടാം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധികളെ നിശ്ചയിക്കുന്ന ലിസ്റ്റുകളാണ് ഭരണഘടനയുടെ ഏഴാം പട്ടികയില്‍ പറയുന്ന യൂണിയന്‍ ലിസ്റ്റും, സ്റ്റേറ്റ് ലിസ്റ്റും, കണ്‍കറന്റ് ലിസ്റ്റും. കനേഡിയന്‍ ഭരണഘടനയില്‍ നിന്നും കടം കൊണ്ടതാണ് യൂണിയന്‍ ലിസ്റ്റും, സ്റ്റേറ്റ് ലിസ്റ്റുമെങ്കില്‍ കൺകറന്റ് ലിസ്റ്റ് ആസ്ട്രേലിയയില്‍ നിന്നും ചൂണ്ടിയെടുത്തതാണ്.

യൂണിയന്‍ ലിസ്റ്റ്

കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. യൂണിയന്‍ ലിസ്റ്റില്‍ നിലവില്‍ 99 വിഷയങ്ങളാണുള്ളത്, ആദ്യമത് 97 വിഷയങ്ങള്‍ മാത്രമായിരുന്നു. പൗരത്വം, റെയില്‍വേ, പ്രതിരോധം, വിദേശകാര്യം, രാജ്യകാര്യം, കറന്‍സി, പോസ്റ്റ് ഓഫീസ്, ടെലിഗ്രാഫ് തുടങ്ങിയവയാണ് യൂണിയന്‍ ലിസ്റ്റിലെ പ്രധാന വിഷയങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധികളാണ് യൂണിയന്‍ ലിസ്റ്റിലെ പ്രധാന വിഷയങ്ങള്‍.

സ്റ്റേറ്റ് ലിസ്റ്റ്

സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള അവര്‍ക്ക് അധികാരപരിധിയുള്ള വിഷയങ്ങളാണ് സ്റ്റേറ്റ് ലിസ്റ്റിലുള്‍പ്പെടുന്നത്. പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങളിലെ നിയമനിര്‍മാണമാണ് സ്റ്റേറ്റ് ലിസ്റ്റിന്റെ പ്രത്യേകത. സ്റ്റേറ്റ് ലിസ്റ്റില്‍ 66 വിഷയങ്ങളാണ് ആദ്യമുണ്ടായിരുന്നത്, ഇപ്പോഴത് 59 വിഷയങ്ങളായി കുറച്ചിട്ടുണ്ട്. പൊതു ജനാരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊലീസ്, സംസ്ഥാന പി.എസ്.സി, കൃഷി എന്നിവ സംസ്ഥാന ലിസ്റ്റുലുള്‍പ്പെടുന്നു.

കണ്‍കറന്റ് ലിസ്റ്റ്

കണ്‍കറന്റ് ലിസ്റ്റില്‍ 52 വിഷയങ്ങളാണുള്ളത്, ഇതില്‍ ആദ്യം 47 ഇനങ്ങളാണുണ്ടായിരുന്നത്. പാര്‍ലെമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുള്ള പൊതുലിസ്റ്റിനെ കണ്‍കറന്റ് ലിസ്റ്റ് ലിസ്റ്റ് എന്ന് പറയുന്നു. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. വിദ്യാഭ്യാസം, വിവാഹം, വിവാഹമോചനം, വിലനിയന്ത്രണം എന്നിവ കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങളാണ്. കണ്‍കറന്റ് ലിസ്റ്റിലാണ് ക്രിമിനല്‍ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത്.