LiveTV

Live

Kerala

എം.എം മണി അവഹേളിച്ചെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ

എം.എം മണിയെ വിളിച്ചപ്പോള്‍ അദ്ദേഹം ശകാരിച്ചെന്നാണ് വിജി പറയുന്നത്. അതേസമയം, സനലിന്റെ ഭാര്യ വിജിയെ വേദനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി പ്രതികരിച്ചു...

എം.എം മണി അവഹേളിച്ചെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ

വൈദ്യുതി മന്ത്രി എം.എം മണി ഫോണിലൂടെ ശകാരിച്ചെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റില്‍ സനലിന്റെ കുടുംബം നടത്തുന്ന സമരത്തിന്റെ ഭാഗമായി മന്ത്രിയെ വിളിച്ചപ്പോഴായിരുന്നു പ്രതികരണം.

സനലിന് നീതി തേടി സെക്രട്ടറിയേറ്റിനു മുമ്പില്‍ കുടുംബം കഴിഞ്ഞ പത്തുദിവസമായി സമരത്തിലാണ്. സമരം പത്താംദിവസമെത്തിലെത്തിയിട്ടും സര്‍ക്കാറില്‍ നിന്നും അനുകൂല നിലപാടുണ്ടാവാത്ത സാഹചര്യത്തിലാണ് മന്ത്രിമാരെ നേരിട്ട് വിളിച്ച് കുടുംബത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താന്‍ സമരസമിതി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എം.എം മണിയെ വിളിച്ചപ്പോള്‍ അദ്ദേഹം ശകാരിച്ചെന്നാണ് വിജി പറയുന്നത്.

'തോന്നിവാസം കാണിച്ചിട്ട് സമരം നടത്തിയാല്‍ ജോലി തരാന്‍ പറ്റില്ല. ആരോട് ചോദിച്ചിട്ടാണ് സമരം നടത്തുന്നത്' എന്ന് മന്ത്രി മണി പറഞ്ഞെന്ന് വിജി പറഞ്ഞു. 35 ലക്ഷത്തിന്റെ കടബാധ്യത കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിനുണ്ട്.

നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയായിരുന്ന ഹരികുമാറുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഹരികുമാര്‍ സനലിന്റെ മറ്റൊരു വാഹത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിനു പിന്നാലെ ഹരികുമാര്‍ ആത്മഹത്യ ചെയ്തിരുന്നു.

വിജിയെ വേദനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി

അതേസമയം, സനലിന്റെ ഭാര്യ വിജിയെ വേദനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി പ്രതികരിച്ചു. വിജിയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. മുഖ്യമന്ത്രിയെ കാണാമായിരുന്നില്ലേയെന്നാണ് വിജിയോട് ചോദിച്ചതെന്നും മന്ത്രി എം.എം മണി പറഞ്ഞു.