LiveTV

Live

Kerala

എസ്.എഫ്.ഐക്കാര്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

മര്‍ദനത്തില്‍ കഴുത്തിന് സാരമായി പരിക്കേറ്റ ശരത് ഇപ്പോഴും ആശുപത്രിയിലാണ്. കേസില്‍ ഇനിയും രണ്ട് പ്രതികളെ പിടികൂടാനുണ്ട്. ശരതിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല

എസ്.എഫ്.ഐക്കാര്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

തിരുവനന്തപുരത്ത് പൊലീസുകാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം അന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കന്റോണ്‍മെന്റ് സി.ഐ സജാദിനെ സ്ഥലം മാറ്റിയത്. തന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയില്ലെന്ന് മര്‍ദനമേറ്റ ശരത് മീഡിയവണിനോട് പറഞ്ഞു. ശരതിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതിയും നല്‍കി.

കഴിഞ്ഞ ബുധനാഴ്ചയാണ് ഒരു കൂട്ടം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ശരത് ഉള്‍പ്പെടെയുള്ള പൊലീസുകാരെ മര്‍ദിച്ചത്. മര്‍ദനത്തില്‍ കഴുത്തിന് സാരമായി പരിക്കേറ്റ ശരത് ഇപ്പോഴും ആശുപത്രിയിലാണ്. കേസില്‍ ഇനിയും രണ്ട് പ്രതികളെ പിടികൂടാനുണ്ട്. ശരതിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം വൈകുന്നതിനെതിരെ ശരതിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കന്റോണ്‍മെന്റ് സി.ഐ സജാദിനെ സ്ഥലം മാറ്റിയത്. പകരം ചുമതല നല്‍കിയ ഉദ്യോഗസ്ഥനാണ് ഇനി അന്വേഷണ ചുമതല. ഇതിനിടെ ശരതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും നടക്കുന്നുണ്ട്. യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രചരണത്തിന് പിന്നില്‍.