LiveTV

Live

Kerala

ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്

23ന് യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തുമെന്ന പ്രചരണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. 

ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്

ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്. 23ന് യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തുമെന്ന പ്രചരണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി നാലുദിവസം കൂടി നീട്ടിയത്.

തീര്‍ത്ഥാടന കാലം തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ, ഇത് ഏഴാം തവണയാണ് നീട്ടുന്നത്. എല്ലാ ദിവസവും സന്നിധാനത്ത് ശരണ പ്രതിഷേധം നടക്കുന്നുണ്ട്. കൂടാതെ, നിലയ്ക്കലില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത നിരോധനാജ്ഞ ലംഘന സമരവുമുണ്ട്. 23ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് യുവതികളെത്തുമെന്ന പ്രചാരണവും ശക്തമാണ്. ഈ സാഹചര്യത്തില്‍ സന്നിധാനത്തെ അതീവ സുരക്ഷാ മേഖലകളില്‍ പ്രതിഷേധക്കാര്‍ തമ്പടിയ്ക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. 22ന് രാത്രി 12 മണി വരെയാണ് നിലവില്‍ 144 പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മണ്ഡലകാല മഹോത്സവം അടുത്ത സാഹചര്യത്തില്‍ സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കും വര്‍ധിയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ശരാശരി മുക്കാല്‍ ലക്ഷത്തോളം പേര്‍ മലകയറുന്നുണ്ട്. ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെന്ന മന്ത്രി എം.എം മണിയുടെ പ്രസ്താവനയും വരും ദിവസങ്ങളില്‍ പ്രതിഷേധത്തിന് കാരണമായേക്കും.