LiveTV

Live

Kerala

സ്കോള്‍ കേരളയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു

അഭിമുഖമോ പത്രപരസ്യമോ നല്‍കാതെയാണ് 2016 ഓഗസ്റ്റ് 12ന് 28 പേരെ സ്‌കോള്‍ കേരളയില്‍ നിയമിച്ചത്. നിയമനങ്ങള്‍ നടത്താന്‍ അനുമതിയില്ലാത്ത എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റേതായിരുന്നു നടപടി

സ്കോള്‍ കേരളയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു

അഭിമുഖംപോലും നടത്താതെ സ്‌കോള്‍ കേരളയിലേക്ക് നടത്തിയ പിന്‍വാതില്‍ നിയമനം ജനറല്‍ കൗണ്‍സില്‍ സാധൂകരിച്ചു. നിയമനം നടത്താന്‍ അധികാരമില്ലാത്ത എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ 2016ല്‍ നടത്തിയ നിയമനമാണ് ഇന്ന് നടന്ന ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചത്. ജനറല്‍ കൗണ്‍സിലിലെ 5 പേരുടെ വിയോജന കുറിപ്പോടെയാണ് നിയമനം സാധൂകരിച്ചത്.

അഭിമുഖമോ പത്രപരസ്യമോ നല്‍കാതെയാണ് 2016 ഓഗസ്റ്റ് 12ന് 28 പേരെ സ്‌കോള്‍ കേരളയില്‍ നിയമിച്ചത്. നിയമനങ്ങള്‍ നടത്താന്‍ അനുമതിയില്ലാത്ത എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റേതായിരുന്നു നടപടി. ജനറല്‍ കൗണ്‍സിലിന് മാത്രമായിരുന്നു നിയമനാധികാരം.

എന്നാല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചട്ടവിരുദ്ധമായി നടത്തിയ നിയമനം ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ സാധൂകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ ചൊല്ലി യോഗത്തില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് അഞ്ച് പേരുടെ വിയോജന കുറിപ്പോടെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കി.

നേരിട്ട് നിയമനം നടത്തരുതെന്ന എംപ്ലോയ്‌മെന്റ് ഓഫീസറുടെ കത്ത് പോലും അവഗണിച്ച് നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ക്കാണ് ഇതോടെ സാധൂകരണമായത്. സെലക്ഷന്‍ കമ്മറ്റിയെ പോലും നിശ്ചയിക്കാതെ റാങ്ക് ലിസ്റ്റും അട്ടിമറിച്ചുമായിരുന്നു നിയമനം. ഇതിനിടയില്‍ സ്‌കോള്‍ കേരളയെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി മറ്റൊരു ഉത്തരവും ഇറക്കിയിട്ടുണ്ട്. ഇതോടെ നിയമനം സംബന്ധിച്ച രേഖകള്‍ മറച്ചുവെയ്ക്കാനും അധികൃതര്‍ക്കാവും.