LiveTV

Live

Kerala

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; അന്വേഷണ സംഘം മുബൈ പൊലീസിന്റെ സഹായം തേടി

രവി പൂജാരി എന്ന് അഭിസംബോധന ചെയ്ത് വിളിച്ചയാൾക്ക് യഥാർത്ഥത്തിൽ മുബൈ അധോലോകവുമായി ബന്ധമുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

 ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; അന്വേഷണ സംഘം മുബൈ പൊലീസിന്റെ സഹായം തേടി

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അന്വേഷണ സംഘം മുബൈ പൊലീസിന്റെ സഹായം തേടി. രവി പൂജാരി എന്ന് അഭിസംബോധന ചെയ്ത് വിളിച്ചയാൾക്ക് യഥാർത്ഥത്തിൽ മുബൈ അധോലോകവുമായി ബന്ധമുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം തേടി.

കേസിൽ അധോലോക നായകൻ രവി പൂജാരിക്ക് ബന്ധമുണ്ടോയെന്ന് ഇതുവരെയും പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. രവി പൂജാരി എന്ന് പരിചയപ്പെടുത്തി ലീനക്ക് ലഭിച്ച ഫോൺ സന്ദേശത്തിന്റെ വിവരങ്ങൾ പൊലീസ് കണ്ടെടുത്തത് മാത്രമാണ് രവി പൂജാരിയെ കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവായുള്ളത്. ഈ ഫോൺ രേഖകൾ മുബൈ പോലീസുമായി പങ്ക് വെച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രാദേശിക ഗുണ്ടാ സംഘങ്ങൾക്ക് അക്രമവുമായി ബന്ധമുണ്ടെന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ലീന മരിയ അടുത്തയിടെ നടത്തിയ പണമിടപാടുകൾ പൊലീസ് സംഘം പരിശോധിച്ചിരുന്നു.

പാർലർ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളടക്കം പരിശോധന വിധേയമാക്കിയിട്ടുണ്ട്. ലീന മരിയ പോളിനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. പൊലീസിന് മൊഴി നൽകിയതിന് ശേഷവും തനിക്ക് അധോലോക നായകൻ രവി പൂജാരിയിൽ നിന്ന് വധഭീഷണി ഉണ്ടായെന്ന് ലീന മരിയ പോൾ പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.