LiveTV

Live

Kerala

ശബരിമല സമരം തുടരുന്ന കാര്യത്തില്‍ തീരുമാനമാകാതെ ബി.ജെ.പി കോര്‍ കമ്മിറ്റി

നിരാഹാര സമരത്തിന് സമാന്തരമായി പല സമര പരിപാടികളും തീരുമാനിച്ചിരുന്നുവെങ്കിലും പലതും നടന്നില്ല. മന്ത്രിമാരെ തടയുമെന്ന പ്രഖ്യാപനം പോലും പല സ്ഥലത്തും പേരിന് മാത്രമാണ് നടന്നത്

ശബരിമല സമരം തുടരുന്ന കാര്യത്തില്‍ തീരുമാനമാകാതെ ബി.ജെ.പി കോര്‍ കമ്മിറ്റി

ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയിലെ സമരം എങ്ങനെ തുടരുമെന്ന കാര്യത്തില്‍ തീരുമാനമാകാതെ ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം പിരിഞ്ഞു. സമരത്തിന് തീവ്രത പോരെന്ന പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനങ്ങള്‍ക്കിടെയായിരുന്നു യോഗം ചേര്‍ന്നത്. സമരം സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് യോഗത്തിലുണ്ടായത്. അതിനിടെ സെക്രട്ടറിയേറ്റ് പടിക്കലില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിരാഹാരമാരംഭിച്ചു.

സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരത്തിന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നതെന്ന സുരേന്ദ്രന്‍ വിഭാഗത്തിന്റെ ആക്ഷേപം യോഗത്തിലുയര്‍ന്നു. നിരാഹാര സമരത്തിന് സമാന്തരമായി പല സമര പരിപാടികളും തീരുമാനിച്ചിരുന്നുവെങ്കിലും പലതും നടന്നില്ല. മന്ത്രിമാരെ തടയുമെന്ന പ്രഖ്യാപനം പോലും പല സ്ഥലത്തും പേരിന് മാത്രമാണ് നടന്നത്. കെ.സുരേന്ദ്രനെ നിയമ വിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനുള്ള നീക്കത്തിന് പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ വേണുഗോപാലന്‍ നായരുടെ ആത്മഹത്യയുടെ പേരില്‍ നടത്തിയ ഹര്‍ത്താല്‍ ഘുണത്തേക്കാളേറെ ദോഷം സമ്മാനിച്ചെന്നും യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഗുണകരമാകുന്ന തരത്തില്‍ ശബരിമല സമരം തുടരാന്‍ കഴിയാത്തതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. സമരത്തിന്റെ ഭാവി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വത്തിന്റെ കൂടി അഭിപ്രായെ തേടിയാകും തീരുമാനമെടുക്കുക.

ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം. അതേ സമയം നിരാഹാര സമരം അനുഷ്ടിച്ച സി.കെ പത്മനാഭന് പകരം ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തു.