വിവാദങ്ങള്‍ക്കിടെ ട്രാന്‍സ്ജെന്‍ഡേഴ്സ് മല കയറി, ‘ബൂട്ട്’ ധരിച്ച് പൊലീസും
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ സ്ട്രൈക്കിങ് ഫോഴ്സ് സന്നിധാനത്തെത്തിയത്.

വിവാദങ്ങള്‍ക്കിടെ ട്രാന്‍സ്ജെന്‍ഡേഴ്സ് മല കയറിയിറങ്ങിപ്പോള്‍, ബൂട്ടിട്ട് സന്നിധാനത്തെത്തിയ പൊലീസ് വിവാദത്തിലായി. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ സ്ട്രൈക്കിങ് ഫോഴ്സ് സന്നിധാനത്തെത്തിയത്. ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും പരിശോധിയ്ക്കുമെന്നും സന്നിധാനം പൊലിസ് സ്പെഷ്യല്‍ ഓഫിസര്‍ ജി. ജയദേവ് അറിയിച്ചു.
എട്ടരയോടെയാണ് ട്രാന്‍സ്ജെന്‍ഡറുകളായ തൃപ്തി ഷെട്ടി, അനന്യ, അവന്തിക, രഞ്ജുമോള്‍ എന്നിവര്‍ പമ്പയില്‍ നിന്നും മല കയറിയത്. പൊലീസിന്റെ സുരക്ഷാവലയത്തില്‍ ദര്‍ശനവും നെയ്യഭിഷേകവും നടത്തി, പത്തരയോടെ മലയിറക്കം. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയും തിരിച്ചും പൊലീസുകാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വലിയ നടപ്പന്തലില്‍ ദ്രുതകര്‍മ സേനയെയും സജ്ജീകരിച്ചിരുന്നു. ബുദ്ധിമുട്ടിയാണ് എത്തിയതെങ്കിലും സുഖദര്ശനമായിരുന്നുവെന്ന് ഇവര്‍ പ്രതികരിച്ചു.
എന്നാല്‍, സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ബൂട്ടിട്ട് പതിനെട്ടാം പടിയ്ക്ക് മുകളില്‍ കയറിയ പൊലീസിന്റെ നടപടി വിവാദമായി. സന്നിധാനത്തു നിന്നും മാളികപ്പുറത്തേയ്ക്കുള്ള ഫ്ളൈ ഓവറിലായിരുന്നു, ലാത്തിയും ഷീല്‍ഡുമായി പൊലീസ് എത്തിയത്. ഡി.ജി.പി നല്കിയ സര്‍ക്കുലറിന്റെ ലംഘനമാണിത്. സന്നിധാനത്തു നിന്നുമെത്തുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായാണ് സ്ട്രൈക്കിങ് ഫോഴ്സിനെ ഇവിടെ നിയോഗിച്ചിരിക്കുന്നത്.