LiveTV

Live

Kerala

‘മീസാൻ കല്ലിൽ തീര്‍ത്ത ആ രണ്ട് കാലിഗ്രഫികൾ’; കരീമിന്റെ ഈ കുറിപ്പ് നമ്മുടെ ഹ്യദയം കീഴടക്കും

‘മീസാൻ കല്ലിൽ തീര്‍ത്ത ആ രണ്ട്  കാലിഗ്രഫികൾ’; കരീമിന്റെ ഈ കുറിപ്പ് നമ്മുടെ ഹ്യദയം കീഴടക്കും

മരിച്ചു പോയ ഉമ്മക്കും ഉപ്പക്കും കാലിഗ്രഫിയിലൂടെ സര്‍പ്രൈസ് ഒരുക്കിയ കരീമിനേക്കാളും നാം എന്നും ഒാര്‍ത്തിരിക്കുക കരീം ആ അനുഭവം വിവരിച്ച് കൊണ്ട് ഫേസ്ബുക്കില്‍ എഴുതിയിട്ടുള്ള കുറിപ്പാകും. പടച്ചവനിലേക്ക് നടന്നടുത്ത ഉപ്പയുടെയും ഉമ്മയുടെയും അനുഭവം ഹ്യദയം തൊടുന്ന രീതിയിലാണ് കരീം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മരണപ്പെട്ട ഉപ്പക്കും ഉമ്മക്കും ജീവിച്ചിരിക്കുമ്പോള്‍ നല്‍കാന്‍ കഴിയാത്ത തന്റെ കാലിഗ്രഫി സമ്മാനം മരണ ശേഷം മീസാന്‍ കല്ലില്‍ പേര് കൊത്തി വെച്ചാണ് കരീം പകരം വീട്ടുന്നത്. കാലിഗ്രഫിയില്‍ അതുല്യ പ്രതിഭയായ കരീമിന്റെ കഴിവ് ഇതിനോടകം തന്നെ ലോകം കീഴടക്കിയതാണ്.

കരീം ഗ്രഫി കക്കോവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുതിയ വീട്ടിലെ പൂമുഖത്തെ ജനവാതിലിലൂടെ നോക്കിയാൽ അയല്പക്കത്തെ പള്ളിപ്പറമ്പിലെ ഉപ്പാന്റെ ഖബറിടം കാണാം. ആളും ആരവും കഴിഞ്ഞു അസറോടടുക്കുമ്പോൾ "സൈനേ" ന്നൊരു വിളി കേൾക്കും. അസറും കഴിഞ്ഞു നിസ്കാരപ്പായയിലിരിക്കുന്ന ഉമ്മ പതുക്കെ ആ ജനാല തുറക്കും. ആളനക്കമില്ലാത്ത വീട്ടിൽ ഒരു പാടോർമ്മകൾ കണ്ണ് നിറച്ച് ദൂരെ കാണുന്ന മീസാൻ കല്ലിലേക്കും നോക്കി ഉമ്മയങ്ങിനെയിരിക്കും. ഉപ്പ പോയതിൽ പിന്നെ ഉമ്മക്കിങ്ങനെ ഒരു ഇരുത്തമുണ്ട് ദീർഘിച്ച ഇരുത്തം..പക്ഷെ ഒരു വർഷത്തിൽ കൂടിയപ്പോൾ ഉമ്മക്ക് കഴിയാതായി. ഉപ്പാന്റെ അടുത്തേക്ക് ഉമ്മയും പോയി. ഒരിക്കൽ നാട്ടിൽ പോയപ്പോൾ ഉമ്മാന്റെയടുത്ത് ഒന്നുറങ്ങാൻ തീരുമാനിച്ചു. പക്ഷെ പെണ്ണും മക്കളുമുള്ള പെരുത്ത മനുഷ്യനായ എനിക്ക് ആ കട്ടിലിൽ കയറാനൊരു വസ് വാസ്. എന്നാൽ എത്ര പെട്ടെന്നാണ് ഉമ്മാന്റെ കോന്തല പിടിച്ചാടിയ ചെറിയ ചെക്കനായി ഞാൻ മാറിയത്. എന്നിട്ട് അതെ ജനാലകൾക്കരികിലിരുന്ന് ഉപ്പാനെക്കുറിച്ചിങ്ങനെ സംസാരിക്കും..
പറഞ്ഞു പറഞ്ഞു വല്ലാതെ വൈകുമ്പോൾ ഉമ്മയുറങ്ങാൻ പറയും. അപ്പോഴുമുണ്ടാവും ഉമ്മാന്റെ കണ്ണില് ഉറങ്ങാതെയിരിക്കുന്ന ഉപ്പാന്റെ ഓർമ്മകള്..മരണത്തിനു തൊട്ട് മുമ്പ് ഹൃദയ വേദന വന്ന് അനിയന്റെ മടിയിലേക്ക് ഉമ്മ ചാഞ്ഞിരുന്ന വേദനയേറിയ ആ നിമിഷത്തെക്കുറിച്ച അനിയൻ വേദനയോടെ എന്നോട് പറയാറുണ്ടായിരുന്നു..

"ആരോഗ്യമുള്ള ഉമ്മക്കൊരുമ്മ കൊടുക്കാനോ ഒന്ന് കെട്ടിപ്പിടിക്കാനോ കഴിഞ്ഞില്ല" എന്നിട്ട് അവൻ പറയും. "നീയൊക്കെ ഭാഗ്യവാനാ... നീ ഓരോ പ്രാവശ്യവും ഗൾഫിലേക്കു പോവുമ്പോഴും വരുമ്പോഴും ഉമ്മാനെ ഉമ്മ വെക്കാനും കെട്ടിപ്പിടിക്കാനും കഴിഞ്ഞല്ലോ എന്ന്. പ്രവാസിയായത് കൊണ്ട് അങ്ങനെയൊരു സൗഭാഗ്യമുണ്ടായെങ്കിലും ഇത്തരം മടികളെ, വസ് വാസുകളെ പലപ്പോഴും പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. യാത്ര പോവുമ്പോൾ ആറു പെങ്ങന്മാർക്കും ഉമ്മ കൊടുക്കാറുണ്ട്, കൈപിടിക്കാറുണ്ട്
ഉപ്പയുള്ള കാലത്ത് ഉപ്പായെ വഴിയിൽ കാണുമ്പോൾ സലാം ചൊല്ലി കൈപിടിക്കാറുണ്ട്. അതൊക്കെയൊരു കൊഞ്ചലാവാം പക്ഷെ ഏറ്റവും പ്രിയപ്പെട്ടവരുടെ ശരീരം ചേതനയറ്റുപോവുമ്പോഴാണ് ആ കൊഞ്ചലുകളൊക്കെ മരിക്കാതെ എന്നും കൂടെയുണ്ടാവുക. പക്ഷെ വലിയ ഒരു ഖേദം മറ്റൊന്നായിരുന്നു. ചിത്രം വരച്ചും കലിഗ്രഫി ചെയ്തും പലർക്കും സമ്മാനങ്ങൾ നൽകിയിട്ടുണ്ട് അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്തെ പുഞ്ചിരിയും കണ്ടിട്ടുണ്ട്. പക്ഷെ ഉപ്പയുടെയും ഉമ്മയുടെയും മുഖത്തെ ഇങ്ങനെയൊരു ചിരി വരുത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഒരു പക്ഷെ അവരൊരിക്കൽ പോലും അങ്ങനെയൊന്ന് ആഗ്രഹിച്ചിട്ട് പോലുമുണ്ടാവില്ല. എന്നാലും സർപ്രൈസ് ആഘോഷങ്ങളുടെ കാലത്ത് അവരുടെ പേരിൽ ഒരു സമ്മാനം നൽകാനായില്ലല്ലോ എന്ന ഖേദം. ഒടുവിൽ മീസാൻ കല്ലിൽ അവരുടെ രണ്ട് പേരുടെയും കാലിഗ്രഫികൾ ചെയ്താണ് ആ ഖേദം തീർക്കേണ്ടി വന്നത്.

ഈ പോസ്റ്റ് കാരണം ജീവിച്ചിരിക്കുന്ന നിങ്ങളെ മാതാപിതാക്കളുടെ മുഖത്ത് സമ്മാനത്തിന്റെ പേരിൽ ഒരു പുഞ്ചിരി നിങ്ങൾ കാണാനിടയായാൽ അതിലേറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനും കൂടിയായിരിക്കും. ഉപ്പാന്റടുത്തേക്ക് ഉമ്മ പോയിട്ട് ഒരു വർഷം തികയുന്നു
പ്രാർത്ഥിക്കുമല്ലോ.