കവിയൂര്‍ പീഡനം: കുട്ടിയെ പീഡിപ്പിച്ചത് അച്ഛനല്ല, നിലപാട് മാറ്റി സി.ബി.ഐ
ലതാനായരുടെ ഭീഷണിയാണ് കുടുംബത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

കവിയൂര്‍ പീഡനക്കേസില്‍ മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകളെ തള്ളി സി.ബി.ഐ. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനല്ലെന്ന് സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പിച്ച നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ലതാനായരുടെ ഭീഷണിയാണ് കുടുംബത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

വി.വി.ഐ.പികള്‍ പീഡിപ്പിച്ചെന്ന ക്രൈം നന്ദകുമാറിന്റെ ആരോപണത്തിനും തെളിവില്ല. പെണ്‍കുട്ടി മരിക്കുന്നതിന് 72 മണിക്കൂറിന് മുമ്പ് പീഡിപ്പിക്കപ്പെട്ടു. 23 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സി.ബി.ഐ സമര്‍പ്പിച്ചത്. 63 സാക്ഷികളാണ് കേസിലുള്ളത്. കഴിഞ്ഞ മൂന്ന് തവണ നല്കിയ റിപ്പോര്‍ട്ടിലും അച്ഛനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ഇത് തള്ളിയാണ് കോടതി പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് നിര്‍ദേശിച്ചത്.

പെണ്‍കുട്ടിയുടെ ഇളയച്ഛനും ക്രൈം നന്ദകുമാറും കോടതിയില്‍ നല്കിയ ഹരജിയിലാണ് കോടതി നാലാമതും അന്വേഷണത്തിന് ഉത്തരവിട്ടത്. സി.ബി.ഐ ഡി.വൈ.എസ്.പി. അനന്ത കൃഷ്ണനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന് മേലുള്ള വാദം അടുത്തമാസം 30 ന് ആരംഭിക്കാനാണ് സി.ബി.ഐ കോടതി തീരുമാനിച്ചിരിക്കുന്നത്.