LiveTV

Live

Kerala

രാജസ്ഥാനില്‍ സി.പി.എം രണ്ട് സീറ്റ് നേടി എന്നത് വലിയ നേട്ടമൊന്നുമല്ല; കെ.എം ഷാജഹാന്‍ 

മൊത്തം 29 മണ്ഡലങ്ങളിലാണ് സി പി എം രാജസ്ഥാനിൽ ഇത്തവണ മത്സരിച്ചത്. അതിൽ 24 മണ്ഡലങ്ങളിൽ സി പി എം സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് പോയി

രാജസ്ഥാനില്‍ സി.പി.എം രണ്ട് സീറ്റ് നേടി എന്നത് വലിയ നേട്ടമൊന്നുമല്ല; കെ.എം ഷാജഹാന്‍ 

രാജസ്ഥാനില്‍ കര്‍ഷക രോഷമാണ് കേണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതെന്നും കര്‍ഷക രോഷം ഉയര്‍ത്തിവിട്ടത് സി.പി.എമ്മാണെന്നും എന്നാല്‍ നേട്ടം ലഭിച്ചത് കോണ്‍ഗ്രസാണെന്നുമുള്ള സി.പി.എമ്മിന്റെ വാദത്തിനെതിരെ പൊതുപ്രവര്‍ത്തകന്‍ കെ.എം ഷാജഹാന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഷാജഹാന്‍ മറുപടി നല്‍കുന്നത്. രണ്ട് സീറ്റുകൾ സി.പി.എം, ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്തു എന്ന വാദവും കളവാണ്, ഒരു സീറ്റ് (ഭാദ്ര) ബി.ജെ.പിയിൽ നിന്നും, മറ്റൊന്ന് ( ദുംഗർഗഡ്) കോൺഗ്രസിൽ നിന്നുമാണ് പിടിച്ചെടുത്തത്.

സി.പിഎം രണ്ട് സീറ്റ് പിടിച്ചെടുത്തു എന്നത് വലിയ നേട്ടമൊന്നുമല്ല. 2008 ൽ രാജസ്ഥാനിൽ ഇന്നത്തെ പോലെ കർഷക രോഷമൊന്നും സി.പി.എം ആളിക്കത്തിക്കാതിരുന്നപ്പോഴും സി.പി.എം മൂന്നു സീറ്റുകൾ നേടിയിരുന്നുവെന്നും അദ്ദേഹം മറുപടി നല്‍കുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

"രാജസ്ഥാനിൽ കർഷക രോഷമാണ് കോൺഗ്രസ്സിനെ അധികാരത്തിലെത്തിച്ചത്.കർഷക രോഷം ഉയർത്തിവിട്ടത് സി പി എമ്മാണ്, പക്ഷേ അതിന്റെ നേട്ടം കോൺഗ്രസ്സ് കൊണ്ടുപോയി. രാജസ്ഥാനിൽ ബിജെപിയിൽ നിന്ന് രണ്ട് സീറ്റ് സി പി എം പിടിച്ചെടുത്തു", ഇതാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള സി പി എമ്മിന്റെ വാദം.

ഈ വാദം എത്രത്തോളം ശരിയായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം.

ബി ജെ പിയുടേയും കോൺസ്സിന്റെയും ജന വിരുദ്ധ നയങ്ങളെ തോല്പിക്കാൻ സി പി എം, ജനതാദൾ, ജനതാദൾ(സെക്കുലർ ), എസ്പി, സി പി ഐ, സി പി ഐ (എംഎൽ), രാഷ്ട്രീയ ലോക്ദൾ എന്നീ പാർടികളുമായി ചേർന്ന്, ഒരു മുന്നണിയായാണ് രാജസ്ഥാനിൽ ഇത്തവണ മത്സരിച്ചത്. സി പി എമ്മിന്റെ നേതൃത്വത്തിൽ രാജസ്ഥാനിൽ ഉയർത്തിവിട്ട കർഷക രോഷത്തിന്റെ നേട്ടവും കൂടി പ്രതീക്ഷിച്ച് കൊണ്ടാണ് സി പി എം ഇത്തരം ഒരു മുന്നണിയായി ബിജെപിക്കും കോൺഗ്രസ്സിനും എതിരെ മത്സരിച്ചത്.

മൊത്തം 29 മണ്ഡലങ്ങളിലാണ് സി പി എം രാജസ്ഥാനിൽ ഇത്തവണ മത്സരിച്ചത്.അതിൽ 24 മണ്ഡലങ്ങളിൽ സി പി എം സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് പോയി.2 മണ്ഡലങ്ങളിൽ സി പി എം ജയിച്ചു. ഒരിടത്ത് രണ്ടാം സ്ഥാനത്തും രണ്ടിടത്ത് മൂന്നാം സ്ഥാനത്തും എത്തി. ഇതാണ് സി പി എമ്മിന്റെ വിജയ തേരോട്ടം! 2013 ൽ രാജസ്ഥാനിൽ സി പി എം 38 സീറ്റിൽ മത്സരിച്ചിരുന്നു. അന്ന് 34 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിരുന്നു.

2013 ൽ സി പി എമ്മിന് രാജസ്ഥാനിൽ ലഭിച്ചത് 2.69 ലക്ഷം വോട്ടായിരുന്നു ( 0.87 %). അത് ഇത്തവണ 4.22 ലക്ഷം വോട്ടായി ഉയർന്നു ( 0.33% ത്തിന്റെ വർദ്ധന ) ( 1.53 ലക്ഷം വോട്ടിന്റെ വർദ്ധന ). ഇതാണ് വമ്പൻ മുന്നേറ്റമായി ഉയർത്തിക്കാട്ടുന്നത്.

അതേ സമയം, 2013ൽ വെറും 21 സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസ്സിന് ഇത്തവണ ലഭിച്ചത് 99 സീറ്റ്.
2013 ൽ കോൺഗ്രസിന് ലഭിച്ചത് 1.02 കോടി വോട്ടെങ്കിൽ, ഇത്തവണ ലഭിച്ചത് 1.39 കോടി വോട്ട് .
കോൺഗ്രസിന്റെ വോട്ടിൽ ഉണ്ടായത് 37 ലക്ഷത്തിന്റെ വർദ്ധന.
സി പി എമ്മിന്റെ വോട്ടിലുണ്ടായത് 1.5 ലക്ഷത്തിന്റെ വർദ്ധന.
കോൺഗ്രസ്സിന് ലഭിച്ച വോട്ടിന്റെ കേവലം 3.12 % മാത്രമാണ് സി പി എമ്മിന് ലഭിച്ചത്!
എന്നിട്ടും രാജസ്ഥാനിൽ സി പി എം വമ്പൻ മുന്നേറ്റം നടത്തിയെന്ന് !!!

രണ്ട് സീറ്റുകൾ സി പി എം ബി ജെ പിയിൽ നിന്ന് പിടിച്ചെടുത്തു എന്ന വാദവും കളവാണ്. ഒരു സീറ്റ് (ഭാദ്ര) ബിജെപിയിൽ നിന്നും, മറ്റൊന്ന് ( ദുംഗർഗഡ്) കോൺഗ്രസിൽ നിന്നുമാണ് പിടിച്ചെടുത്തത്.

സി പി എം രണ്ട് സീറ്റ് പിടിച്ചെടുത്തു എന്നത് വലിയ നേട്ടമൊന്നുമല്ല.2008 ൽ രാജസ്ഥാനിൽ ഇന്നത്തെ പോലെ കർഷക രോഷമൊന്നും സി പി എം ആളിക്കത്തിക്കാതിരുന്നപ്പോഴും സി പി എം 3 സീറ്റുകൾ നേടിയിരുന്നു. 2008 ൽ സി പി എം ജയിച്ച അനൂപ്ഗർ എന്ന മണ്ഡലത്തിൽ ഇത്തവണ കിട്ടിയത് വെറും 17,566 വോട്ടുകൾ മാത്രമാണ്.

സി പി എം രാജസ്ഥാനിൽ കർഷക രോഷം ഇളക്കിവിട്ടു എന്നും, എന്നാൽ അതിന്റെ നേട്ടം കോൺഗ്രസ് കൊണ്ടുപോയി എന്നു മാണ് സി പി എമ്മിന്റെ വാദം. ഈ വാദവും അസംബന്ധമാണ്. കർഷക രോഷത്തിന്റെ നേട്ടം വോട്ടാക്കാൻ മൂന്നാം മുന്നണിയുടെ ഭാഗമായി മത്സരിച്ച സി പി എം 29 സീറ്റിൽ മത്സരിച്ചെങ്കിലും, 24 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടപ്പെടുകയായിരുന്നു. ആകെ 2 സീറ്റിൽ ജയം, ഒരു സീറ്റിൽ രണ്ടാം സ്ഥാനം, രണ്ട് സീറ്റിൽ മൂന്നാം സ്ഥാനം.ഇതാണ് ആകെയുള്ള നേട്ടം. ആകെയുള്ള 199 മണ്ഡലങ്ങളിൽ 5 മണ്ഡലങ്ങളിൽ ഒതുങ്ങുന്നു സി പി എമ്മിന്റെ സ്വാധീനം.

മറുഭാഗത്ത്, കർഷക ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ്സിന്റെ വോട്ട് 2013 നെ അപേക്ഷിച്ച് 2018ൽ 34.5 % ത്തിൽ നിന്ന് 38.8% മായി വർദ്ധിക്കുകയായിരുന്നു ( 4.3% ത്തിന്റെ വർദ്ധന). പിന്നോക്ക വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ്സിന് ലഭിച്ച വോട്ട് 6.2% കണക്കിലും ( 32.6% ൽ നിന്ന് 38.8% ആയി) ,ഗ്രാമീണ മേഖലകളിലെ മണ്ഡലങ്ങളിൽ ലഭിച്ച വോട്ട് 4.9% കണക്കിലും ( 32.8% നിന്ന് 37.7% ആയി) ഉയർന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ മേഖലകളിൽ എല്ലാം, ബി ജെ പിയേക്കാൾ മുന്നിലായിരുന്നു കോൺഗ്രസ്സിന് ലഭിച്ച വോട്ടിന്റെ ശതമാനം. സർവ്വതലസ്പർശിയായിരുന്നു കോൺഗ്രസിന്റെ മുന്നേറ്റം എന്നാണ് ഈ കണക്കുകൾ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്.

കോൺസ്സിന്റെ വിജയത്തിൽ, സി പി എം ഉർത്തിവിട്ട കർഷക സമരത്തിന് യാതൊരു പങ്കുമില്ല എന്ന്, ഈ കണക്കുകൾ പകൽ പോലെ വ്യക്തമാക്കുന്നു. അതേ സമയം, മോഡി സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നിലനിന്ന കർഷക രോഷം വോട്ടാക്കി മാറ്റാൻ, പ്രധാന രാഷ്ട്രീയ കക്ഷിയായ കോൺഗ്രസ്സിന് കഴിഞ്ഞു എന്നും വോട്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ ചിതറിച്ച് ബി ജെ പി യെ വിജയിപ്പിച്ച്, കോൺഗ്രസിന് ഒറ്റക്ക് സർക്കാരുണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക എന്ന ദൗത്യം മാത്രമാണ് ഇത്തവണ സി പി എം രാജസ്ഥാനിൽ സ്തുത്യർഹമായി നിർവ്വഹിച്ചത്!

മധ്യപ്രദേശിലും സി പി എം മത്സരിച്ചിരുന്നു. അത് പോലെ സി പി ഐ യും മധ്യപ്രദേശിലും, രാജസ്ഥാനിലും മത്സരിച്ചിരുന്നു. അതിദയനീയമാണ് അവിടെ ഈ പാർടികളുടെ അവസ്ഥ. അതിനെ കുറിച്ച് പിന്നീട് പറയാം.